മലപ്പുറം: പെരിന്തൽ മണ്ണ നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. എതിർ സ്ഥാനാർഥി സി.പി.എം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300 ഓളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതെന്നുമാണ് ഹർജിക്കാരന്റെ വാദം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.