‘നാട്ടിൽ ജോലി കിട്ടില്ല’: ഉത്ര വധക്കേസിലെ നാലാം പ്രതിക്ക് വിദേശത്തു പോകാൻ അനുമതി

news image
Aug 8, 2024, 9:32 am GMT+0000 payyolionline.in

കൊല്ലം: ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കർശന ഉപാധികളോടെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്‌ജി ആശ മറിയം മാത്യൂസ് അനുമതി നൽകി. ഉത്ര കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസിലെ നാലാം പ്രതിയാണ് സൂര്യ. അച്ഛൻ പക്ഷാഘാതം വന്നു കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്കു കേസിനെത്തുടർന്ന് നാട്ടിൽ ജോലി ലഭിക്കാൻ സാധ്യതയില്ലെന്നും വിദേശത്തു തൊഴിൽ തേടിപ്പോകാൻ പാസ്പോർട്ട് എടുക്കാൻ അനുവദിക്കണമെന്നുമായിരുന്നു സൂര്യയുടെ ഹർജി.

പ്രോസിക്യൂഷൻ ഇതിനെ എതിർത്തെങ്കിലും വിശദവാദം കേട്ട കോടതി കർശന വ്യവസ്ഥകളോടെ അനുമതി നൽകുകയായിരുന്നു. തൊഴിൽ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസ സ്ഥലം, തൊഴിൽ ദാതാവ് തുടങ്ങിയ വിവരങ്ങൾ ഹാജരാക്കണമെന്നാണു വ്യവസ്ഥ. കേസിന്റെ വിചാരണയിൽ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽനിന്നു സൂര്യയെ ഒഴിവാക്കി. സൂര്യയ്ക്കു വേണ്ടി അഭിഭാഷകൻ അനീസ് തങ്ങൾകുഞ്ഞ് ഹാജരായി.

അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ മൂർഖൻ പാമ്പിന്റെ കടിയേൽപിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ്.കുമാർ ശിക്ഷിക്കപ്പെട്ടു ജയിലിലാണ്. 2020 മേയിലായിരുന്നു സംഭവം. സ്ത്രീധന പീഡനക്കേസിൽ സൂരജിനു പുറമേ അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണു പ്രതികൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe