തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ക്രിക്കറ്റ് മേഖലയിലെ പ്രമുഖരില്‍ നിന്ന് പരമാവധി സഹായം വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി.
വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 226 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായത് 133 പേരെന്നാണ് ഔദ്യോഗിക കണക്ക്. ഉരുൾ ദുരന്തമുണ്ടായി പതിനൊന്നാം നാൾ പിന്നിടുമ്പോൾ ജനകീയ തെരച്ചിലിൽ ഇന്ന് 4 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച വീണ്ടും പ്രദേശത്ത് തെരച്ചില്‍ തുടരും.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ തേടി ദുരന്തഭൂമിയില്‍ നടത്തിയ ജനകീയ തെരച്ചിലിൽ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പൊലീസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു. ദുരന്തത്തില്‍ കാണാതായ പരമാവധിയാളുകളെയും കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയെന്ന ദൗത്യവുമായാണ് ജനകീയ തെരച്ചില്‍ നടന്നത്. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തെരച്ചില്‍.