ഗോവയിൽ നിന്ന് ഡ്രഡ്ജറെത്തിക്കുന്നത് നദിയിലൂടെ, ആകെ ചെലവ് 50ലക്ഷം, ദിനംപ്രതി വാടക 4ലക്ഷം; തിങ്കളാഴ്ച എത്തിക്കും

news image
Aug 14, 2024, 11:48 am GMT+0000 payyolionline.in

ബെം​ഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. ഗോവയിൽ നിന്നാണ് ഡ്രഡ്ജർ എത്തിക്കുന്നത്. തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് ചെലവ് വരുന്നത്. ജലമാർ​​​ഗത്തിലായിരിക്കും ഡ്രഡ്ജർ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.

22 ലക്ഷം രൂപയാണ് ട്രാൻപോർട്ടേഷൻ ചെലവായി വരുന്നത്. ബാക്കി തുക ഡ്രഡ്ജറിന് വാടകയിനത്തിലും നൽകണം. ദിനം പ്രതി നാലു ലക്ഷം രൂപയാണ് വാടക വരുന്നത്. നദിയിലൂടെ കൊണ്ടുവരുമ്പോൾ പാലങ്ങൾക്ക് താഴെ കൂടെ കൊണ്ടുവരേണ്ടതിനാൽ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടിയും വരും. ​ഗോവയിൽ നിന്ന് ഡ്രഡ്ജർ കാലതാമസം കൂടാതെ എത്തിക്കാനും തീരുമാനമായി. നേരത്തെ, തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ശ്രമിച്ചെങ്കിലും പുഴയുടെ അടിയൊഴുക്ക് കൂടിയതിനാൽ എത്തിക്കാനായില്ല. അതേസമയം, വിവിധ ഫണ്ടുകളിൽ നിന്നായി പണം കണ്ടെത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.

പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. അടിത്തട്ടിലെ മണ്ണ് തെരച്ചിലിൽ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തെരച്ചിലിൽ ഇതുവരെ ശുഭ സൂചനങ്ങൾ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉച്ചതിരിഞ്ഞും തെരച്ചിൽ തുടരും. നാളെ തെരച്ചിൽ ഉണ്ടാവില്ല. തെരച്ചിൽ മറ്റന്നാള്‍ പുനരാരംഭിക്കും. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ലെന്നും ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎൽഎമാർ പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തെരച്ചിൽ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫു പറഞ്ഞു.

ഡ്രഡ്ജർ എത്തിച്ച് മണ്ണ് നീക്കാതെ ഷിരൂരിലെ തെരച്ചിൽ മുന്നോട്ട് പോകില്ലെന്നാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറയുന്നത്. കേരളത്തോട് വീണ്ടും ഡ്രഡ്ജർ ആവശ്യപ്പെട്ടെന്നും ഓപ്പറേറ്റർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും കാർവാർ എംഎൽഎ വ്യക്തമാക്കി. ഈശ്വർ മൽപേയെ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe