കൊച്ചി: പുലര്‍ച്ചെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശി പലയിടത്തും മരം കടപുഴക് വീണു. ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ യാത്ര തടസപ്പെട്ടു. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതായാണ് വിവരം. ഇതേ തുടര്‍ന്ന് പാലരുവി എക്സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്സ്പ്രസും പിടിച്ചിട്ടു. രാവിലെ ഏഴോടെ ട്രാക്കിലെ മരം മുറിച്ച് മാറ്റിയശേഷമാണ് ട്രാക്കിലെ ഗതാഗത തടസം ഒഴിവാക്കി ട്രെയിനുകള്‍ കടത്തിവിട്ടത്.

ആലപ്പുഴയിൽ ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റാണ് ആഞ്ഞു വീശുന്നത്. അസാധാരണ വേഗത്തിലാണ് കാറ്റ്. ഇതേ തുടര്‍ന്ന് ജില്ലയിലെ പല ഇടങ്ങളിലും മരം വീണു. കരുമാടി, പുറക്കാട് മേഖലകളിൽ മരം വീണു. പലയിടത്തും അതിശക്തമായ കാറ്റാണ് വീശിയത്. ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ എന്നിവിടങ്ങളിലും മരം വീണു. ചെങ്ങന്നൂർ മുളക്കുഴ, ചെറിയനാട് എന്നിവിടങ്ങളിലും മരം വീണു. മരം കടപുഴകി വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
ചെറിയനാട് കടയ്ക്ക് മുകളിൽ മരം വീണു നാശനഷ്ടം ഉണ്ടായി. കായംകുളം കൊറ്റുകുളങ്ങരയിൽ വീടിന് മുകളിൽ മരം വീണു.കൊല്ലത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശി. കൊല്ലം ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി. നിലവില്‍ കൊല്ലത്ത് മഴയ്ക്ക് കുറവുണ്ട. പാലക്കാട് മഴ മാറി നിൽക്കുകയാണ്. മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കോഴിക്കോട് മഴയുണ്ടെങ്കിലും നാശനഷ്ടങ്ങൾ ഇതുവരെ ഇല്ല.
അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഭേദപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ഖണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കോട്ടയത്ത് ശക്തമായ കാറ്റിൽ മരം വീണ് വ്യാപക നാശ നഷ്ടമുണ്ടായി. പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി ഭാഗങ്ങളിലാണ് മരം വീണത്. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നായിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടങ്ങി. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് മരം വീണ് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി. പത്തനംതിട്ട പന്തളം ചേരിക്കലിൽ പുലർച്ചെ തേക്കുമരം കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി.