സാമ്പത്തിക ക്രമക്കേട്: ക്ലാർക്കിന് 30 വർഷം കഠിന തടവും 3.30 ലക്ഷം രൂപ പിഴയും

news image
Aug 21, 2024, 3:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിങ് കോളജ് ക്ലാർക്കായിരുന്ന ഗോപകുമാറിനെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലൻസ് കോടതി മുപ്പത് വർഷം കഠിന തടവിനും 3,30,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2000-2003 കാലഘട്ടത്തിൽ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ സെക്ഷൻ ക്ലാർക്കായിരുന്ന ഗോപകുമാർ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ വിദ്യാർഥികളിൽ നിന്നും ഫീസിനത്തിൽ ശേഖരിച്ച തുകയിൽ നിന്നും 6,51,529 രൂപ സർക്കാരിലേക്കടക്കാതെ ക്രമക്കേട് നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് ശിക്ഷ വിധിച്ചത്.

2000 മുതൽ 2003 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലായിട്ടാണ് ഗോപകുമാർ ഇത്രയും തുക സർക്കാരിലേക്ക് അടക്കാതെ വെട്ടിപ്പ് നടത്തിയത്. ഓരോ സാമ്പത്തിക വർഷത്തെ വെട്ടിപ്പും പ്രത്യേകം പ്രത്യേകമായി പരിഗണിച്ച കോടതി 10 വർഷം വീതം കഠിന തടവിനും 1,10,000 രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. അപ്രകാരം പ്രതിയായ ഗോപകുമാറിന് ആകെ 30 വർഷ കഠിന തടവും ആകെ 3,30,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി യായിരുന്ന രാജേന്ദ്രൻ രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തിയ കേസിൽ അന്നത്തെ ഡി.വൈ.എസ്.പി യും നിലവിലെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടുമായ ആർ.മഹേഷാണ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു

പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എൽ.ആർ. രഞ്ചിത്ത് കുമാർ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe