ജംഷഡ്പുർ: ഝാർഖണ്ഡിലെ ജംഷഡ്പൂരിൽനിന്ന് പറന്നുയർന്ന് കാണാതായ ചെറു പരിശീലന വിമാനത്തിലെ ട്രെയിനി പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. പൈലറ്റ് സുബ്രൊദീപ് ദത്തയുടെ മൃതദേഹം ചാംണ്ടിൽ അണക്കെട്ടിലാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് ആൽകെമിസ്റ്റ് ഫ്ലയിങ് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സെസ്ന 152 വിമാനം സൊനാരി എയറോഡ്രോമിൽനിന്ന് പറന്നുയർന്നയുടൻ കാണാതായത്. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
അണക്കെട്ടിൽ തകർന്നുവീണിരിക്കാമെന്ന സംശയത്തെ തുടർന്ന് ദുരന്ത നിവാരണ സേനയുടെ ആറംഗ സംഘവും വിശാഖപട്ടണത്തുനിന്നെത്തിയ വ്യോമസേനയുടെ 19 അംഗ സംഘവും തിരച്ചിൽ നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് സുബ്രൊദീപിന്റെ മൃതദേഹം കണ്ടെത്തിയത്. പൈലറ്റ് പട്ന സ്വദേശി ജീത് സാത്രുവിനായും വിമാനാവശിഷ്ടങ്ങൾക്കായും തിരച്ചിൽ തുടരുകയാണ്.