ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ജൂലൈ 19-ന് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയിൽ അത്യാഹിത വിഭാഗത്തിലെ കിടക്കയിൽ നിന്ന് യാദൃശ്ചികമായി സൂചി തുളച്ചു കയറിയ സംഭവത്തിൽ ആശൂപത്രിയുടെ നിര്ദേശത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന എക്സപെര്ട്ട് പാനൽ. 14 വർഷം വരെ എച്ച്ഐവി അണുബാധയെ സംബന്ധിച്ച് തുടർ നിരീക്ഷണം വേണമെന്ന നിർദ്ദേശം ആശങ്കയുണ്ടായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജമുന വർഗീസിന്റെ നേതൃത്വത്തിൽ അടിയന്തര എക്സ്പെർട്ട് പാനൽ കൂടി സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു.
കോട്ടയം ഗവ. മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോക്ടർ ജൂബി ജോൺ, ആരോഗ്യവകുപ്പ് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ്. ആർ. ദിലീപ് കുമാർ, ആലപ്പുഴ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആന്റി റിട്രോ വൈറൽ മെഡിക്കൽ ഓഫീസർ ഡോ. ജമീല, ആലപ്പുഴ വനിത ശിശു ആശുപത്രി സീനിയർ ശിശുരോഗ വിദഗ്ധ ഡോ. ശാന്തി, മാവേലിക്കര ജില്ല ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. പ്രസാദ് എന്നിവരടങ്ങിയ എക്സ്പേർട്ട് പാനലാണ് കാര്യങ്ങൾ പരിശോധിച്ചത്.
കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറിയ സൂചിയിൽ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് സാധാരണഗതിയിൽ ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗ സാധ്യത ആണ് കൽപ്പിക്കാൻ കഴിയുന്നത്. എങ്കിൽ പോലും പരിശോധനയിലൂടെ അടിയന്തിരമായി രോഗപ്രതിരോധ സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതായും, രക്ത പരിശോധനയിൽ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് മുഖേന കുട്ടിയുടെ പ്രതിരോധ സംവിധാനം തൃപ്തികരമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കട്ടപിടിച്ച് പഴകിയ രക്തത്തിൽ നിന്നും എച്ച്ഐവി അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. എന്നാൽ കുട്ടിയുടെയും കുടുംബത്തിന്റെയും ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി മൂന്നാം മാസവും ആറാം മാസവും പുനർ പരിശോധന നടത്താം. ഇത് വിലയിരുത്തി വിദൂരമായിട്ട് എങ്കിലും, അപ്രതീക്ഷിത സംഭവത്തെ തുടർന്ന്, രോഗസാധ്യത പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തുടർ പരിശോധനയുടെ നിർദ്ദേശങ്ങൾ എന്നും എക്സ്പോർട്ട് പാനൽ പ്രത്യേകം പരാമർശിക്കുന്നു. ആശുപത്രി കിടക്കയിൽ ഉപയോഗിച്ച സൂചി കിടന്ന സാഹചര്യം സംഭവിക്കാൻ പാടില്ലാത്ത പിഴവാണ്. ഇത്തരം സാഹചര്യം ഉണ്ടാക്കാൻ ഇടയാക്കിയെന്ന് കരുതാവുന്ന ജീവനക്കാർക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഡി എം ഒ. അറിയിച്ചു.