അഷ്ടമിരോഹിണി; ഗുരുവായൂരില്‍ പ്രസാദ ഊട്ടിന് മാത്രം 25,55,000 രൂപ; പ്രതീക്ഷിക്കുന്നത് കാൽ ലക്ഷം പേരെ

news image
Aug 24, 2024, 2:26 pm GMT+0000 payyolionline.in

തൃശൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനമായ അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച നടക്കുന്ന അഷ്ടമിരോഹിണി ആഘോഷത്തിനായി 35,80,800 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നല്‍കി. ചുറ്റുവിളക്ക്, കാഴ്ചശീവേലി എന്നിവയ്ക്കായി 6,80,000 രൂപ വകയിരുത്തി.

പ്രസാദ ഊട്ടിന് മാത്രമായി 25,55,000 രൂപയാണ് വകയിരുത്തിയത്. ഇതിന് പുറമെ പ്രസാദ ഊട്ട് പ്രത്യേക വിഭവങ്ങള്‍ക്ക് മാത്രമായി 2,07,500 രൂപയും വകയിരുത്തി. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയാറാക്കി നല്‍കാനും ഭരണസമിതി അനുമതി നല്‍കി. ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും പ്രസാദഊട്ട് നല്‍കും. ഏകദേശം കാല്‍ ലക്ഷത്തോളം പേരെയാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.

ഗുരുവായൂരപ്പന് നിവേദിച്ച പാല്‍ പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളന്‍, ഓലന്‍, അവിയല്‍, എരിശേരി, പൈനാപ്പിള്‍ പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരവരട്ടി, കായ വറവ്, അച്ചാര്‍, പുളി ഇഞ്ചി, പപ്പടം, മോര്, പാല്‍ പായസം എന്നിവയാണ് പ്രസാദഊട്ടിലെ വിഭവങ്ങള്‍. രാവിലെ ഒമ്പതിന് പ്രസാദ ഊട്ട് ആരംഭിക്കും.

ഉച്ചയ്ക്ക് രണ്ടിന് പ്രസാദ ഊട്ടിനുള്ള വരി അവസാനിപ്പിക്കും. അന്നലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും പ്രസാദ ഊട്ട് നല്‍കും. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് ഒരുക്കും. തെക്കേ നടയിലെ പ്രസാദ ഊട്ട് കേന്ദ്രമായ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലേക്കുള്ള ക്യൂ സംവിധാനം പട്ടര്കുളത്തിന് വടക്കും തെക്കു ഭാഗത്തും ഒരുക്കും.

പ്രസാദ ഊട്ട് വിളമ്പാന്‍ ദേവസ്വം ജീവനക്കാര്‍ക്ക് പുറമെ നൂറ് പ്രഫഷണല്‍ വിളമ്പുകാരെ നിയോഗിക്കും. അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ അപ്പം തയാറാക്കുന്നതിന് 7.25 ലക്ഷം രൂപ വകയിരുത്തി. ഭക്തര്‍ക്ക് 35 രൂപയ്ക്ക് അപ്പം ശീട്ടാക്കാം. ഒരാള്‍ക്ക് പരമാവധി 525 രൂപയുടെ ശീട്ട് മാത്രമാണ് നല്‍കുക. പൊതുവരി നില്‍ക്കുന്ന ഭക്തജനങ്ങളുടെ ദര്‍ശനത്തിനാകും ദേവസ്വം ഭരണസമിതി മുന്‍ഗണന നല്‍കുന്നത്. നിര്‍മാല്യം മുതല്‍ ദര്‍ശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ പ്രവേശിപ്പിക്കും.

പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടിപ്രദക്ഷിണം എന്നിവ ഒഴിവാക്കും. വി.ഐ.പി. ദര്‍ശനങ്ങള്‍ക്ക് രാവിലെ ആറു മുതല്‍ നിയന്ത്രണം ഉണ്ടാകും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ദര്‍ശനം രാവിലെ നാലര മുതല്‍ അഞ്ചര  വരെയും വൈകിട്ട് അഞ്ച് മുതല്‍ ആറ്  വരെയും മാത്രമാകും. തദ്ദേശീയര്‍ക്ക് നിലവില്‍ അനുവദിക്കപ്പെട്ട സമയത്ത് ദര്‍ശനമാകാം. ബാക്കിയുള്ള സമയത്ത് ക്ഷേത്ര ദര്‍ശനത്തിന് പൊതുവരി സംവിധാനം മാത്രം നടപ്പിലാക്കും. ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്ക് ദര്‍ശന സൗകര്യം നല്‍കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe