വ്യാജ ജാതിസർട്ടിഫിക്കറ്റ്; ഏറ്റവും അധികം പരാതികൾ റെയിൽവേയിൽ

news image
Aug 26, 2024, 10:19 am GMT+0000 payyolionline.in

ന്യൂഡൽഹി: ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ച് ജോലി നേടിയ കേസുകളിൽ മുന്നിൽ റെയിൽവേ. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കേന്ദ്രസർവ്വീസിൽ ജോലി നേടിയതുമായി ബന്ധപ്പെട്ട് 1084 പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 349 പരാതികൾ റെയിൽവേയിലായിരുന്നു. ഇവയിൽ തൊണ്ണൂറ് ശതമാനം പരാതികളും കോടതിയുടെ പരിഗണനയിലാണ്.

വിവരാവകാശ നിയമപ്രകാരം ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തു കൊണ്ടുവന്ന കണക്കുകളിലാണ് ഈ വിവരം. പരിശോധനയിൽ 92പേരെ സർവ്വീസിൽ നിന്ന് പുറത്താക്കിയതായും കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം നൽകിയ മറുപടി വ്യക്തമാക്കുന്നു.

പരാതിയിൽ രണ്ടാം സ്ഥാനത്തുള്ളത് തപാൽ വകുപ്പാണ്. 259 പരാതികൾ ലഭിച്ചു. ഷിപ്പിംങ് മന്ത്രാലയം 202, ഭക്ഷ്യ-വിതരണ വകുപ്പിൽ 138 എന്നിങ്ങനെയും പരാതികളുണ്ടായി. കേന്ദ്ര സർക്കാരിന് കീഴിലുള്ള 93 മന്ത്രാലയങ്ങളിൽ 59 എണ്ണത്തിൽ നിന്നുള്ള വിവരങ്ങളാണ് ലഭ്യമാക്കിയത്.

വ്യാജ  സർട്ടിഫിക്കറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പൂജ ഖേജ്കർ വിവാദം ഉയർന്നുവന്നതിനെ തുടർന്ന് കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം പരിശോധനകൾ ശക്തമാക്കിയിരിക്കയാണ്.

ജൂണിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉൾപ്പെടെ നാലുപേർ ഉൾപ്പെടുന്ന സംഘം ഡൽഹിയിൽ പിടിയിലായിരുന്നു. ഇവർ നൂറോളം വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയതായി കണ്ടെത്തി. ഒ ബി സി, എസ് സി എസ്ടി, സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകാൻ 4000 രൂപ വരെയാണ് ഇവർ വാങ്ങിച്ചിരുന്നത് എന്നും കണ്ടെത്തുകയുണ്ടായി.



Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe