കൊച്ചി: സ്വർണക്കടത്ത് ആരോപണത്തിൽ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങി. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. സുജിത് ദാസ് കസ്റ്റംസിൽ ഉണ്ടായിരുന്ന കാലയളവിൽ കള്ളക്കടത്ത് സംഘത്തിന് ഏതുതരം സഹായം ചെയ്തു, ആ കാലയളവിൽ കസ്റ്റംസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അന്വേഷിക്കുക.
കൊച്ചിയിൽ ഇന്നലെ നടന്ന കസ്റ്റംസിന്‍റെ യോഗത്തിലാണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങാൻ തീരുമാനിച്ചത്. പൊലീസ് നടത്തിയ സ്വർണവേട്ടയെ കുറിച്ചും വിശദ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. പ്രതികളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സുജിത് ദാസ് വഴിവിട്ട സഹായം ചെയ്തെന്നാണ് ആരോപണം. ഐ.പി.എസ് ലഭിക്കുന്നതിന് മുമ്പ് കസ്റ്റംസിലാണ് സുജിത് ദാസ് ജോലി ചെയ്തിരുന്നത്. തുടർന്നാണ് ഐ.പി.എസ് ലഭിച്ച് കേരള പൊലീസിൽ എത്തുന്നത്. കസ്റ്റംസിലുള്ള കാലയളവിൽ പരിചയം വെച്ച് മലപ്പുറം എസ്.പിയായിരിക്കെ വഴിവിട്ട സഹായങ്ങളും കസ്റ്റംസിൽ നിന്ന് നേടിയെടുത്ത് സ്വർണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്തെന്ന ആരോപണമാണ് പി.വി. അൻവർ എം.എൽ.എ ഉന്നയിച്ചത്.
ഇന്നലെ കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിലാണ് പൊലീസിലെ ഉന്നതർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കുമെന്ന് പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പത്തനംതിട്ട എസ്.പി സുജിത്ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങളിന്മേലാണ് പൊലീസിലെ ഏറ്റവും വലിയ ഉന്നതൻ തന്നെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ-എസ്. സുജിത്ദാസ് കൂട്ടുകെട്ടിൽ വൻതോതിൽ സ്വർണം പിടികൂടുകയും അവ പകുതിയിലേറെ പൊലീസ് കൈക്കലാക്കുകയും ചെയ്തെന്നാണ് എം.എൽ.എ വെളിപ്പെടുത്തിയത്. ദുബൈ ഗോൾഡ് മാർക്കറ്റിൽ അജിത്കുമാറിന്റെ ചാരന്മാരുണ്ടായിരുന്നെന്നും അവിടെ സ്വർണം വാങ്ങുന്ന മലയാളികളുടെ വിവരങ്ങൾ ശേഖരിച്ച് അവർ ഏതു വിമാനത്തിൽ സഞ്ചരിക്കുന്നെന്ന കൃത്യമായ വിവരം എ.ഡി.ജി.പിയുടെ സംഘത്തെ അറിയിക്കുകയും ചെയ്യുമായിരുന്നെന്ന് പറയുന്നു.
എ.ഡി.ജി.പി ഈ വിവരം മലപ്പുറം എസ്.പിക്ക് കൈമാറും. ഇവിടെ പിടികൂടുന്ന സ്വർണം പകുതിയേ കണക്കിൽ കാണിച്ചിരുന്നുള്ളൂ. സ്വർണവുമായി വന്നവരിൽ നിന്ന് മൊഴിയെടുത്താൽ ഇത് വ്യക്തമാകുമെന്നും എം.എൽ.എ പറയുന്നു.