കൊയിലാണ്ടി: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആശുപത്രി പ്രവർത്തനത്തെയും പോസ്റ്റ്മോർട്ടത്തെയും ബാധിക്കുന്നതായി പരാതി. ഗ്രേഡ് സെക്കൻഡ് അറ്റൻഡൻറ് വിഭാഗത്തിൽ ആറും നഴ്സിങ് അസിസ്റ്റന്റ് വിഭാഗത്തിൽ നാലു തസ്തികയും മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.
ഈ വിഭാഗത്തിൽ ഉള്ളതുതന്നെ ഭൂരിഭാഗവും വനിത ജീവനക്കാരാണ്. ഇതേത്തുടർന്ന് ആശുപത്രി ദൈനംദിന പ്രവർത്തനവും പോസ്റ്റ്മോർട്ടവും കടുത്ത പ്രതിസന്ധിയിലാണ്. ഗ്രേഡ് അസിസ്റ്റന്റുമാരാണ് പോസ്റ്റ്മോർട്ടം റൂമിൽ പ്രധാനമായും ഉണ്ടാവുക. അസ്വാഭാവിക മരണങ്ങൾ ഉണ്ടാവുമ്പോൾ ഡോക്ടറുടെ നിർദേശമനുസരിച്ച് ഇവരാണ് പ്രവർത്തിക്കേണ്ടത്.
ഈ വിഭാഗത്തിലാണ് ആറ് ഒഴിവുകൾ. തൽഫലമായി പോസ്റ്റ്മോർട്ടം ഏറെ വൈകിയാണ് നടക്കുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയ മെയിൽ സ്റ്റാഫിനെ തിരികെ വിളിച്ചാണ് ഇത്തരം ഘട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നത്. ഇതുകാരണം മരണപ്പെട്ടവരുടെ ബന്ധുക്കൾ കടുത്ത ദുരിതത്തിലാവുന്നു. ഫോറൻസിക് സർജനെ നിയമിക്കാത്തതും ഫ്രീസർ ഇല്ലാത്തതും കാരണം കൂടുതൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് എത്തിക്കുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഫ്രീസറിന് ഓർഡർ നൽകിയിട്ടു മാസങ്ങളായെങ്കിലും എത്തിയിട്ടില്ല.