ചെന്നൈ: തമിഴ് സിനിമാ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് നടികർ സംഘം. സമഗ്രമായ അന്വേഷണത്തിന് ശേഷം പരാതി സത്യമാണെന്ന് തെളിഞ്ഞാൽ മാത്രമായിരിക്കും നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ (തമിഴ് നടികർ സംഘം) ആഭ്യന്തര സമിതിയാണ് ശിപാർശ പാസാക്കിയത്. നടികർ സംഘത്തിന്റെ അടുത്ത യോഗത്തിൽ സമിതി ശിപാർശകൾ പരിഗണിക്കും. പരാതികൾ പരിഗണിക്കുന്നതിന് നിയമസഹായവും നൽകും. ആരോപണവിധേയന് ആദ്യം മുന്നറിയിപ്പ് നൽകും. അതിനുശേഷം പരാതിയിൽ കഴമ്പുണ്ടെങ്കിൽ നടപടി സ്വീകരിക്കും. ഫോണിലൂടെയോ ഇ-മെയിലിലോ പരാതികൾ അറിയിക്കാം.
മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതിന് പകരം പരാതി കമ്മിറ്റിയിൽ സമർപ്പിക്കാനാണ് നിർദേശം. അഭിനേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ യൂട്യൂബ് ചാനലുകൾ സംപ്രേഷണംചെയ്യുന്ന അപകീർത്തികരമായ റിപ്പോർട്ടുകൾക്കെതിരെ സൈബർ ക്രൈം പൊലീസിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകും.