മുകേഷിന്‍റെ മുൻകൂര്‍ ജാമ്യം; അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് സർക്കാര്‍, ഹൈക്കോടതിൽ അപ്പീൽ നല്‍കുന്നത് വിലക്കി

news image
Sep 9, 2024, 3:56 am GMT+0000 payyolionline.in

തിരുവനന്തപുരം: നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിന് മുൻകൂര്‍ ജാമ്യത്തിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് സര്‍ക്കാര്‍. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ.

ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശം. മുൻകൂര്‍ ജാമ്യത്തിനെതിരെയുള്ള അപ്പീല്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്‍റെ അസാധാരണ ഇടപെടലുണ്ടായത്.  മുകേഷിന്‍റെ കേസിൽ അപ്പീൽ നൽകണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിലപാട്. മുകേഷിന്‍റെ കാര്യത്താൽ അപ്പീൽ അനുമതി ഇല്ലെങ്കിൽ ഇടവേള ബാബുവിന്‍റെ മുൻകൂർ ജാമ്യത്തിലും അപ്പീൽ നൽകില്ല.

സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ് ഐ ടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടി അപ്പീൽ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്കുന്നത്.

നടിയെ ബലാത്സംഗ ചെയ്തെന്ന കേസില്‍ മുകേഷിനും, നടൻ ഇടവേള ബാബുവിനും സെപ്റ്റംബർ അഞ്ചിനാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എറണാകുളം സെഷൻസ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്നാണ് മുകേഷിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചത്.

ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്‍റെ വാദം. 15 വർ‍ഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. അതേസമയം ബലാ‌ത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe