എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം; ജാഗ്രത തുടരണം: വീണാ ജോര്‍ജ്

news image
Sep 10, 2024, 1:57 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്ക്കെതിരേയും എലിപ്പനിയ്ക്കെതിരേയും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി മരണം ഒഴിവാക്കാന്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. കൈകാലുകളില്‍ മുറിവുക
ളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിണമെന്നും മന്ത്രി വ്യക്തമാക്കി.


സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. റീജിയണലായി ഫീല്‍ഡ്തല ജീവനക്കാരുടെ യോഗം അടിയന്തരമായി ചേരേണ്ടതാണ്. ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹകരണം കൂടി ഉറപ്പാക്കും. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമാക്കണം. മരണങ്ങള്‍ പരമാവധി ഒഴിവാക്കാനാകണം. ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

മലേറിയയ്ക്കെതിരെ ജാഗ്രത പാലിക്കണം. ഹെപ്പറ്റൈറ്റിസ് കേസുകള്‍ കഴിഞ്ഞ മാസത്തില്‍ കുറവ് വന്നെങ്കിലും ഈ മാസത്തില്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ – എച്ച്.1 എന്‍.1 രോഗത്തിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കേണ്ടതാണ്. കുട്ടികളിലെ പനി ശ്രദ്ധിക്കണം. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.

മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് വയ്ക്കണം. രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷമുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഗര്‍ഭിണികള്‍, അനുബന്ധ രോഗമുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ മാസ്‌ക് ഉപയോഗിക്കണം. മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ നിര്‍ബന്ധമായും വിദഗ്ധ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയുള്ള ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം എന്നിവ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

ചില രാജ്യങ്ങളില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎസ്എം ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe