മുഖ്യമന്ത്രിയെ സന്ദർശിച്ച് ഡബ്ല്യൂ.സി.സി ഭാരവാഹികൾ; അന്വേഷണ സംഘത്തിന്റെ ടേംസ് ഓഫ് റഫറൻസ് നൽകണമെന്ന് ആവശ്യം

news image
Sep 12, 2024, 4:37 pm GMT+0000 payyolionline.in

തിരുവനന്തപുരം: സിനിമാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി) അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് നിവേദനം നൽകി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ട സാഹചര്യത്തിൽ രൂപം കൊണ്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ ടേംസ് ഓഫ് റഫറൻസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും കമ്മീഷന് മുമ്പാകെ മൊഴി കൊടുത്ത സ്ത്രീകളുടെ സ്വകാര്യത സംബന്ധിച് ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ഇവർക്ക് നിയമസഹായം കൗൺസിലിങും നൽകാനുള്ള സാധ്യതകൾ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും ഡബ്ല്യൂ.സി.സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

തൊഴിലിടത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള ആഭ്യന്തര കമ്മിറ്റി നടപ്പിലാക്കുന്നതിന്റെ പ്രായോഗികതയും ഇത്തരം   ബന്ധപ്പെട്ട വിഷയങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പിനെ കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യതയെകുറിച്ചും ഡബ്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു.  ഹേമ കമ്മിറ്റി നിർദ്ദേശങ്ങൾ സിനിമാ നയത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്നായിരുന്നു മറ്റൊരു പ്രധാന ആവശ്യം. സിനിമാ നയത്തിൽ ഉൾപ്പെടുത്തുന്നതിന് ഡബ്ല്യൂ.സി.സി തയ്യാറാക്കിയ നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് കൈമാറി.

സംവിധായികമാർക്ക് നൽകി വരുന്ന ഫിലിം ഫണ്ട് വർധിപ്പിക്കണമെന്നും ഈ ഫണ്ടിന്റെ വിനിയോഗത്തിലേക്ക് പുതുക്കിയ മാർഗ്ഗരേഖ ഉണ്ടാക്കണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് സിനിമാ മേഖലയിൽ അവസരം ലഭിക്കുവാൻ ഫിലിം സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്ന പെൺകുട്ടികൾക്ക് ഫീസ് കൺസഷനോ സ്കോളർഷിപ്പോ നൽകണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ഡബ്ല്യൂ.സി.സി ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe