കലവൂരിലെ കൊലപാതകം: പിടിയിലായ ദമ്പതികളെ ഇന്നെത്തിക്കും

news image
Sep 13, 2024, 4:26 am GMT+0000 payyolionline.in

ആലപ്പുഴ: കലവൂർ കോർത്തുശേരിയിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പിടിയിലായ ദമ്പതികളെ ഇന്ന് കർണാടകയിൽ നിന്നും കേരളത്തിലെത്തിക്കും. കാട്ടൂർ പള്ളിപ്പറമ്പിൽ സ്വദേശി മാത്യൂസ്‌(നിധിൻ–-33), ഉടുപ്പി സ്വദേശി ശർമിള(30) എന്നിവരെയാണ്‌ കർണാടകയിലെ മണിപ്പാലിൽനിന്ന്‌ മണ്ണഞ്ചേരി പൊലീസ്‌ പിടികൂടിയത്‌.

ഉഡുപ്പിയിൽനിന്ന്​ എട്ടുകിലോമീറ്റർ അകലെ മണിപ്പാലിലെ ശർമിളയുടെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌ ഇവർ പിടിയിലായത്‌. ​പ്രതികളുമായി അന്വേഷകസംഘം റോഡുമാർഗം കേരളത്തിലേക്ക്​ തിരിച്ചു​. വിശദമായി ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കും. പിന്നീട്‌ കസ്‌റ്റഡിയിൽ വാങ്ങി ഉഡുപ്പിയിലടക്കം എത്തിച്ച്‌ തെളിവെടുക്കും. സുഭദ്രയിൽ നിന്ന്‌ കവർന്നശേഷം ഉഡുപ്പിയിലും ആലപ്പുഴയിലുമടക്കം പണയംവച്ച സ്വർണാഭരണങ്ങളടക്കം പൊലീസ്‌ കണ്ടെടുക്കും.

കൊച്ചി കടവന്ത്രയിൽനിന്ന് ആഗസ്‌ത്‌ നാലിന് കാണാതായ സുഭദ്ര‌(73)യുടെ മൃതദേഹം ചൊവ്വാഴ്ചയാണ് മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് 23––ാം വാർഡിൽ പഴമ്പാശ്ശേരി വീടിന്‌ പിൻവശത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി രണ്ടുദിവസത്തിനകം പ്രതിളെന്നു സംശയിക്കുന്ന ദമ്പതികൾ പിടിയിലായി. പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു പ്രതികൾക്കായി പൊലീസിന്റെ തെരച്ചിൽ. ഉഡുപ്പിയിലെത്തിയ പൊലീസ്‌ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു. ഇതിനിടെ ഇവരുടെ ഫോൺ സ്വിച്ച്‌ ഓഫായി. തുടർന്ന്‌ ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പിടിയിലായത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe