ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സത്യത്തിന്റെ വിജയമെന്ന് ആം ആദ്മി പാർട്ടി.
നുണകൾക്കും ഗൂഢാലോചനകൾക്കുമെതിരായ പോരാട്ടത്തിൽ സത്യം വീണ്ടും വിജയിച്ചിരിക്കുന്നു. സ്വേച്ഛാധിപതിയുടെ തടവറയുടെ പൂട്ടുകൾ സത്യത്തിന്റെ ശക്തിയാൽ തകർന്നിരിക്കുന്നു എന്നാണ് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്.
ജനാധിപത്യത്തിൽ ഏകാധിപത്യം പ്രവർത്തിക്കില്ലെന്ന് പറഞ്ഞ് എ.എ.പി നേതാവ് സഞ്ജയ് സിങ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ആത്മാവിനെ തകർക്കാൻ മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിന് കഴിഞ്ഞില്ല എന്നും സഞ്ജയ് സിങ് പറഞ്ഞു.
കോടതി വിധിക്ക് ശേഷം അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ എ.എ.പി പ്രവർത്തകരെ അഭിനന്ദിക്കുകയും പാർട്ടിയിലെ മറ്റ് അറസ്റ്റിലായ നേതാക്കളെയും മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. സത്യത്തെ കുഴപ്പത്തിലാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ലെന്ന് ഡൽഹി മന്ത്രി അതിഷി പറഞ്ഞു.