കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ കൊൽക്കത്തയിൽ പുതിയ പോലീസ് കമ്മീഷണറെ നിയമിക്കുകയും ആരോഗ്യ വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയും ചെയ്തതിന് പിന്നാലെ, ഇത് ഭാഗിക വിജയം മാത്രമാണെന്ന് പറഞ്ഞ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ലെന്ന് അറിയിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി മമതാ ബാനർജിയുമായി വീണ്ടും കൂടിക്കാഴ്ച വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കർശനമായ രീതിയിൽ നടപ്പാക്കുന്നത് വരെ പണിമുടക്ക് തുടരുമെന്ന് ഡോക്ടർമാരുടെ പ്രസ്താവനയിൽ പറയുന്നു. ജൂനിയർ ഡോക്ടർമാരുടെ 99% ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി അവകാശപ്പെട്ടതിന് പിന്നാലെ തുടർനടപടികൾ തീരുമാനിക്കാനുള്ള ജനറൽ ബോഡി യോഗത്തിന് ശേഷമാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ആരോദ്യരംഗത്തെ പ്രതിസന്ധി ചൂണ്ടിക്കാട്ടി അവരുടെ ചുമതലകൾ പുനരാരംഭിക്കാനും മമത ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.
മറ്റ് ആവശ്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മനോജ് പന്തിന് മറ്റൊരു ഇമെയിൽ അയയ്ക്കാനും യോഗം തീരുമാനിച്ചു.
മമതയുമായുള്ള ആദ്യ ചർച്ചയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കൊൽക്കത്ത പൊലീസ് കമ്മീഷണർ, ഉത്തര കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമീഷണർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റ് ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന ഉറപ്പും നൽകി. ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും സെക്യൂരിറ്റി പരിശോധന നടപ്പാക്കും. അതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതേൃക സമിതി രൂപീകരിക്കും. പ്രശ്നം ഉണ്ടായാൽ ഡോക്ടർന്മാർക്ക് നേരിട്ട് ചീഫ് സെക്രട്ടറിയെ ബന്ധപ്പെടാം.