കൽപ്പറ്റ: ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങളും വാഹനാപകടത്തിൽ പ്രതിശ്രുതവരൻ ജെൻസനും നഷ്‌ടമായ ശ്രുതിക്ക് വീടൊരുങ്ങുന്നു. ചാലക്കുടിയിലെ ഓൺലൈൻ കൂട്ടായ്മ ടൈംസ് ന്യൂസ് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങ് ടി സിദ്ദിഖ് എംഎൽഎ നിർവഹിച്ചു.
കൽപ്പറ്റ പൊന്നടയിലെ 11 സെന്റ് സ്ഥലത്ത് 1,500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. വാഹനാപകടത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ ശ്രുതി ആംബുലൻസിലിരുന്നാണ് തറക്കല്ലിടുന്നത് കണ്ടത്.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതുപേർ ഇല്ലാതായപ്പോൾ പ്രതിശ്രുത വരൻ ജെൻസനായിരുന്നു ആശ്രയം. 10ന് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ വെള്ളാരംകുന്നിന് സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പിതൃസഹോദരിയുടെ മക്കളായ ലാവണ്യ, അനൂപ്, അരുൺ എന്നിവരാണ് ദുരന്തത്തിൽ അവശേഷിച്ചത്. ഇവരോടൊപ്പം മുണ്ടേരിയിലെ വാടവീട്ടിലാണിപ്പോൾ താമസിക്കുന്നത്.