നടന്‍ ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റു; അപകടം തോക്ക് പരിശോധിക്കുന്നതിനിടെ

news image
Oct 1, 2024, 6:42 am GMT+0000 payyolionline.in

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയ്ക്ക് തിരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. നടന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തതായും നില തൃപ്തികരമാണെന്നും അദ്ദേഹത്തിന്‍റെ മാനേജര്‍ അറിയിച്ചു.

പുലര്‍ച്ചെ 6 മണിക്ക് കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ഗോവിന്ദയും മാനേജരും പോകേണ്ടതായിരുന്നു. താന്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നും അവിടേക്ക് എത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റതെന്നും മാനേജര്‍ പറയുന്നു. ലൈസന്‍സ് ഉള്ള റിവോള്‍വര്‍ അദ്ദേഹം ഒരു കേസിലാണ് സൂക്ഷിച്ചിരുന്നത്. അത് കൈയില്‍ നിന്നും താഴെ വീണപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. ഡോക്ടര്‍ വെടിയുണ്ട നീക്കം ചെയ്തു, മാനേജര്‍ പറയുന്നു.

വെടിയുണ്ടയേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മുംബൈ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഒരു കാലത്ത് ബോളിവുഡില്‍ ഏറെ തിരക്കുണ്ടായിരുന്ന ഗോവിന്ദ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. 2019 ല്‍ പുറത്തെത്തിയ രംഗീല രാജയാണ് പുറത്തെത്തിയ അവസാന ചിത്രം. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ അവതാരകനായും വിധികര്‍ത്താവായും ഗോവിന്ദ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe