ശ്രുതിക്ക് സർക്കാർ ജോലി; അർജുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം

news image
Oct 3, 2024, 7:15 am GMT+0000 payyolionline.in

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടലിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളും വീടും നഷ്ടമായ ശ്രുതിക്ക് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസനെയും വാഹനാപകടത്തിൽ നഷ്ടമായിരുന്നു. സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഡിസംബർ ഇരുവരെയും വിവാഹം തീരുമാനിച്ചിരിക്കെയാണ് ജെൻസൻ ശ്രുതിയെ തനിച്ചാക്കി പോയത്. ചൊവ്വാഴ്ച വൈകീട്ട് കൽപറ്റക്കു സമീപം വെള്ളാരംകുന്ന് ദേശീയപാതയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. വയനാട് ഉരുൾദുരന്തത്തിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. പിതാവിന്‍റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തിൽ നഷ്ടമായത്.

ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ ലോറിക്കൊപ്പം കാണാതായത്. പലഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിൽ 72 ദിവസത്തിനു ശേഷം അർജുന്റെ ലോറി ഗംഗാവാലി പുഴയിൽ നിന്ന് കണ്ടെടുത്തു. ലോറിയുടെ കാബിനിൽ നിന്ന് അർജുന്റെ മൃതദേഹവും കണ്ടെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe