മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പ് കേസിൽ ലോറൻസ് ബിഷ്‌ണോയി സംഘം അസർബൈജാനിൽ 40 ദിവസത്തെ പരിശീലനം നേടിയെന്ന് പൊലീസ്. ഈ കാലയളവിൽ അംഗങ്ങൾക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
കേസന്വേഷിക്കുന്ന സംഘാംഗത്തിന്റെതാണ് വെളിപ്പെടുത്തൽ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുംബൈയിലെ താരത്തിന്റെ വീടിനു നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ചത്.
ബിഷ്‌ണോയി വിഭാഗക്കാർ പവിത്രമെന്നു കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ തുടർന്നാണ് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയും സംഘവും സൽമാൻ ഖാനെതിരെ തിരിഞ്ഞത്. കേസിൽ ലോറൻസ് ബിഷ്‌ണോയി നിലവിൽ എൻ.ഐ.എ കസ്റ്റഡിയിലാണ്.
ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി, രോഹിത് ഗോദാര എന്നിവർക്കും വെടിവെപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്ന് അൻമോലിനും ഗോദരയ്ക്കും വേണ്ടി മുംബൈ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തുന്നുണ്ട്. അൻമോൽ ബിഷ്‌ണോയി ഇപ്പോൾ അമേരിക്കയിൽ ഒളിവിൽ കഴിയുന്നതായി സംശയമുണ്ടെന്ന് എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു. സഹോദരൻ അൻമോൽ ബിഷ്‌ണോയിക്കും രോഹിത് ഗോദാരയ്‌ക്കുമെതിരെ മുംബൈ ക്രൈംബ്രാഞ്ച് ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് അധികൃതർ അറിയിച്ചു.