തിരുവനന്തപുരം > വയനാട്ടിലും കോഴിക്കോടുമുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ അനുശോചിച്ച് നിയമസഭ സമ്മേളനത്തിന് തുടക്കം. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിൽപ്പെടുന്നതാണ് ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടൽ സമാനതകളില്ലാത്ത മഹാദുരന്തമാണ് സൃഷ്ടിച്ചത്. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമാണുണ്ടായത്. ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനത്തിൽ മണിക്കൂറിൽ 100 കിലോമീറ്റര്‍ വേഗതയിൽ 5.72 ദശലക്ഷം ഘന മീറ്റര്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്. 32 മീറ്റര്‍ വരെ ഉയരത്തിലാണ് അവശിഷ്ടങ്ങള്‍ ഒഴുകിയെത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായി ഉണ്ടാകുന്ന അതിതീവ്ര മഴയാണ് ഈ ഉരുള്‍പൊട്ടലിന് കാരണമായത്. ഈ പ്രദേശത്തോട് ഏറ്റവും അടുത്തുള്ള കള്ളാടിയിലെ ഔദ്യോഗിക മഴമാപിനിയിൽ ജൂലൈ 29 ന് 200.2 മില്ലിമീറ്ററും 30 ന് 372.6 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ഈ ദുരന്തത്തിൽ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 47 വ്യക്തികളെ കാണാതാവുകയും ചെയ്തു. 145 വീടുകള്‍ പൂര്‍ണ്ണമായും 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യം അല്ലാതാവുകയും, 183 വീടുകള്‍ ഒഴുകിപ്പോവുകയും ചെയ്തു. ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിൽ വാസയോഗ്യമല്ല എന്ന് കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളിലാകട്ടെ കൂടുതൽ വീടുകള്‍ ഉണ്ട്. കടകള്‍, ജീവനോപാധികള്‍, വാഹനങ്ങള്‍, കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് ചുരുങ്ങിയത് 1,200 കോടി രൂപയുടെ നഷ്ടം എങ്കിലും മേപ്പാടിയിൽ ഉണ്ടായിട്ടുണ്ട്.
ഇതേ ദിവസം തന്നെയാണ് കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടിലും ഉരുള്‍പൊട്ടൽ ഉണ്ടായത്. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 48 മണിക്കൂറിൽ 307 മില്ലിമീറ്റര്‍ മഴയാണ് വിലങ്ങാടിൽ രേഖപ്പെടുത്തപ്പെട്ടത്. അവിടെ ഒരു വിലപ്പെട്ട ജീവനും വീടുകള്‍, കടകള്‍, ജീവനോപാധികള്‍, വാഹനങ്ങള്‍, കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയും നഷ്ട്ടപ്പെട്ടിട്ടുണ്ട്. അവയെല്ലാം ചേര്‍ന്ന് ചുരുങ്ങിയത് 217 കോടി രൂപയുടെ നഷ്ടം എങ്കിലും വിലങ്ങാടിൽ ഉണ്ടായിട്ടുണ്ട്.
മനുഷ്യന്റെ ഇടപെടലുകള്‍ ഒട്ടും തന്നെയില്ലാത്തതും വനത്തിനകത്തുള്ളതുമായ പ്രഭവകേന്ദ്രത്തിൽ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളെ പോലും തകര്‍ത്ത് തരിപ്പണമാക്കിയാണ് മേപ്പാടിയിൽ ഉരുള്പൊട്ടിയിറങ്ങിയത്. വിലങ്ങാടിലും മേപ്പാടിയിലും ജനങ്ങളുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, ജില്ലാ ഭരണ സംവിധാനങ്ങളുടെയും ജാഗ്രതയുടെ ഫലമായി നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മേപ്പാടിയിലെ ദുരന്തത്തെ അതിജീവിച്ച 794 കുടുംബങ്ങള്‍ നിലവിൽ വാടക വീടുകളിലാണ് താമസിക്കുന്നത്. വിലങ്ങാടിൽ 30 കുടുംബങ്ങളാണ് വാടക വീടുകളിൽ കഴിയുന്നത്. മേപ്പാടിയിലെ അതിജീവിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. വിലങ്ങാടിലും സമഗ്രമായ പുനരധിവാസം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. രണ്ടിടങ്ങളിലെയും അതിജീവിതര്‍ക്കു വേണ്ട അടിയന്തര സഹായങ്ങള്‍ എല്ലാം തന്നെ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി അടിക്കടി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന നാടായി കേരളം മാറുന്നു. ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനും അവയുടെ ആഘാതം പരമാവധി ലഘൂകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഒരു ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന് മിഷന് രൂപീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കേരള കേന്ദ്രീകൃത ഗവേഷണങ്ങള്‍ നടത്താനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചിട്ടുമുണ്ട്.
കാലാവസ്ഥാ പ്രവചനം ശക്തിപ്പെടുത്തുന്ന വിധത്തിൽ റഡാറുകള്‍ ഉള്‍പ്പെടെ കൂടുതൽ നിരീക്ഷണ സംവിധാനങ്ങള്‍ കേരളത്തിന് ലഭ്യമാക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടൽ പ്രവചനം മെച്ചപ്പെടുത്തുന്നതിന് ദേശീയ ഏജന്‍സികളുടെ ഗവേഷണം ശക്തിപ്പെടുത്തണം എന്നും അവയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ കേരളത്തിൽ ആരംഭിക്കണം എന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ ശാസ്ത്രീയമായ ഭൂവിനിയോഗം സാധ്യമാക്കുന്നതിലും, അപകടസൂചന മുന്‍കൂട്ടി നൽകുന്നതിനുള്ള പ്രാദേശിക സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.