കണ്ടെയിനറില്‍ 68 ലക്ഷം, എല്ലാം തൃശൂരിലെ എടിഎമ്മുകളിൽ നിന്ന് കൊളളയടിച്ച പണം; പ്രതികൾ കസ്റ്റഡിയിൽ

news image
Oct 4, 2024, 1:34 pm GMT+0000 payyolionline.in

തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയില്‍ അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കണ്ടൈനറില്‍ നിന്ന് കണ്ടെത്തിയ അറുപത്തിയെട്ട് ലക്ഷത്തോളം രൂപ തൃശൂരിലെ മൂന്ന് എടിഎമ്മില്‍ നിന്നു കൊള്ളയടിച്ച പണമാണെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്. അതിനിടെ തൃശൂരില്‍ നാലാമതൊരു എടിഎം കൂടി കൊള്ളയടിയ്ക്കാന്‍ സംഘം ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

ഹരിയാന പല്‍വാലിലെ മേവാത്ത് കൊള്ള സംഘാംഗങ്ങളായ ഇന്‍ഫാന്‍, സബീര്‍ ഖാന്‍, സ്വകീര്‍ ഖാന്‍, മുഹമ്മദ് ഇക്രം, മുബാറിക് എന്നിവരെയാണ് തമിഴ്നാട്ടിലെ കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്‍റില്‍ കേളത്തിലെത്തിച്ചത്. ഇവിടെ നടന്ന മൂന്ന് എടിഎം കൊള്ളകളില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഷൊര്‍ണൂര്‍ റോഡിലെ എടിഎം കൊള്ളയിലാണ് പ്രതികളെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഷൊര്‍ണൂര്‍ റോഡ് എടിഎം കൊള്ളയുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് വിയ്യൂര്‍, ഇരിങ്ങാലക്കുട പൊലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. തൃശൂര്‍ സിജെഎം അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.  ഈറോഡ് പൊലീസ് കണ്ടൈനര്‍ ലോറിയില്‍ നിന്നും കണ്ടെത്തിയ 68 ലക്ഷം രൂപ തൃശൂരിലെ എടിഎമ്മുകള്‍ കൊളളയടിച്ചതാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

അതിനിടെ പ്രതികള്‍ നാലാമതൊരു എടിഎം കൂടി കൊള്ളയടിയ്ക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മാപ്രാണത്തെ എടിഎം കൊള്ളയടിച്ചശേഷം തൃശൂര്‍ വരുന്നതിനിടെയുള്ള എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടത്തിയത്. വാഹനങ്ങളും ആള്‍പ്പെരുമാറ്റവും ശ്രദ്ധയില്‍ പെട്ടതോടെ കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് തൃശൂരിലേക്ക് എത്തുകയായിരുന്നു. നായ്ക്കനാലും കോലഴിയിലും കൊള്ള നടത്തിയശേഷം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് താണിക്കുടം വഴിയാണ് ഹൈവേയില്‍ കാത്തു കിടന്ന കണ്ടെയിനര്‍ ലോറിയിലേക്ക് എത്തിയത്. മണ്ണൂത്തിക്കും പട്ടിക്കാടിനും ഇടയില്‍ വച്ചായിരുന്നു കാര്‍ ലോറിയില്‍ കയറ്റി തമിഴ് നാട്ടിലേക്ക് തിരിച്ചത്. മുഹമ്മദ് ഇക്രമായിരുന്നു കൊള്ളയുടെ മുഖ്യസൂത്രധാരന്‍. ഇയാള്‍ മുമ്പും എടിഎം കൊള്ളയടിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് ജയില്‍ മോചിതനായത്. പ്രതികളില്‍  കണ്ടൈനര്‍ ലോറിയുടെ ക്ലീനറായ പതിനെട്ടുകാരന്‍  മുബാറിക് ഒഴികെയുള്ളവര്‍ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe