എഡിജിപിക്ക് വീഴ്ചയുണ്ടെന്ന് വിലയിരുത്തി സിപിഎം; റിപ്പോർട്ടിൽ പരാമർശം, അജിത് കുമാറിനെതിരെ നടപടിയ്ക്ക് സാധ്യത

news image
Oct 4, 2024, 1:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് വീഴ്ചയുണ്ടെന്ന് വിലയിരുത്തി സിപിഎം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ നടപടിയെടുക്കും. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശം ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നുമാണ് റിപ്പോർട്ട്. സിപിഎം സംസ്ഥാന സമിതി യോ​ഗത്തിലാണ് എഡിജിപിയുടേയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിആർ അഭിമുഖത്തിനെതിരേയും വിമർശനമുണ്ടായത്.

സിപിഎം സംസ്ഥാന സമിതിയിൽ പിആർ ആരോപണം പാടെ നിഷേധിക്കുന്ന സമീപനം ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പിആർ സംബന്ധിച്ച എല്ലാ ചോദ്യത്തിനും ” പിആർ ഇല്ല” എന്ന ഒറ്റ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. അഭിമുഖത്തിനായി ദേവകുമാറിന്റെ മകൻ നിരന്തരം സമീപിക്കുമായിരുന്നുവെന്നും ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആർക്കും പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

അതേസമയം, എഡിജിപിയെ മാറ്റുന്നതിനുള്ള സമയം ഒന്നും കുറിച്ചു വച്ചിട്ടില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വേണ്ട നടപടി ഇടത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നതാണ് സിപിഐ നിലപാട്. ഏത് വിഷയത്തിൽ ആയാലും ഇടതുപക്ഷ പരിഹാരമാണ് സിപിഐ ലക്ഷ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe