പുതിയ പാർട്ടി ജനങ്ങളുടെത്; ഇതൊരു സാമൂഹിക കൂട്ടായ്മ -പി.വി. അൻവർ

news image
Oct 6, 2024, 2:38 am GMT+0000 payyolionline.in

മലപ്പുറം: ജനങ്ങളു​ടെ മു​ന്നേറ്റമാകും പുതിയ പാർട്ടിയെന്നും മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്നും പി.വി. അൻവർ എം.എൽ.എ. മഞ്ചേരിയിലെ പൊതുയോഗസ്ഥലത്ത് സ്ഥാപിച്ച പാർട്ടിയുടെ ബോർഡിൽ മനാഫിന്റെ ചിത്രം ഉപയോഗിച്ചത് മതേതര പ്രതീകമായതിനാലാണെന്നും അൻവർ വ്യക്തമാക്കി.

 

ജനങ്ങളാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രബലർ. കേരളത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പാർട്ടി അഭിസംബോധന ചെയ്യും. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർട്ടിയുടെ സാന്നിധ്യമുണ്ടാകുമെന്നും അൻവർ കൂട്ട​ിച്ചേർത്തു.

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡി.എം.കെ) എന്ന പേരിലാണ് അൻവർ പുതിയ പാർട്ടി രൂപവത്കരിക്കുന്നത്. മനാഫിനെ കൂടാതെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുനും ചരിത്ര നവോത്ഥാന നായകരും പാർട്ടിയുടെ ബോർഡിൽ ഇടംപിടിച്ചിട്ടുണ്ട്. ഡി.എം.കെ എന്ന പേരിൽ അൻവറിന്റെ ചിത്രം പതിച്ച ബോർഡുകളും മലപ്പുറത്തെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചിന് മഞ്ചേരിയിലെ ബൈപാസ് റോഡിന് സമീപമുള്ള ജസീല ജങ്ഷനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അൻവർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. ഒരു ലക്ഷം ആളുകൾ സമ്മേളനത്തിൽ പ​ങ്കെടുക്കുമെന്നാണ് അൻവർ അവകാശപ്പെടുന്നത്. സമ്മേളനത്തിൽ പാർട്ടിയുടെ നയപരിപാടികളും പ്രഖ്യാപിക്കും.

ശനിയാഴ്ച ചെന്നൈയിൽ ഡി.എം.കെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങളും സമ്മേളനത്തിൽ അൻവർ പ്രഖ്യാപിക്കും. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾക്കൊപ്പം ഡി.എം.കെ നേതാക്കളെ കൂടി വേദിയിലെത്തിക്കാനും അൻവർ ശ്രമിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe