എടക്കാട്: കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ 22 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് പണിമുടക്ക് തീരുമാനമെടുത്തത്. പുതിയ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് റൂട്ടിൽ ഓടുന്ന ബസുകൾ നടാൽ റെയിൽവേ ഗേറ്റ് കഴിഞ്ഞാൽ തലശ്ശേരിയിലേക്കുള്ള സർവിസ് റോഡിലേക്ക് കടക്കുന്നതിന് ഏഴു കിലോമീറ്ററോളം അധിക ഓട്ടം ഉണ്ടാവുന്നതിൽ പ്രതിഷേധിച്ചാണ് ബസുടമകൾ സമരത്തിനിറങ്ങുന്നത്.
നിലവിൽ നടാൽ ഗേറ്റടച്ച് തുറക്കുന്ന സമയത്ത് ബസുകൾക്ക് സമയത്തിന് ഓടിയെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കെ ഗേറ്റ് കഴിഞ്ഞ് മറുവശത്തെ റോഡിലേക്ക് കടക്കാൻ വീണ്ടും തിരിച്ച് കണ്ണൂർ ഭാഗത്തേക്കുള്ള ചാല അമ്പലം സ്റ്റോപ് വരെ പോകേണ്ടി വരും. ഇത് സമയനഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തിവെക്കുന്നതായി ബസുടമകളും തൊഴിലാളി സംഘടനകളും പറയുന്നു.
പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകുകയും ഹൈവേ മാർച്ചും ഉപരോധവും ഉൾപ്പെടെ നടത്തിയിട്ടും ഒരു ഫലവും കാണാത്ത സാഹചര്യത്തിലാണ് ഓട്ടം നിർത്തിവെച്ച് വീണ്ടും സമരത്തിനിറങ്ങുന്നതെന്നാണ് ബസുടമകളും തൊഴിലാളി സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. സമയനഷ്ടം കാരണം സർവിസ് പൂർത്തിയാക്കാൻ പറ്റുന്നില്ലെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധി പരിഹരിക്കാൻ നടാൽ ഗേറ്റ് കഴിയുന്നയിടത്ത് അടിപ്പാത നിർമിക്കണമെന്ന നിരന്തര ആവശ്യത്തെ അധികൃതർ മുഖവിലക്കെടുക്കാൻ തയാറാവുന്നില്ലെന്നും ബസുടമകൾ ആരോപിച്ചു. സമരങ്ങൾകൊണ്ട് യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്ന് ജില്ല ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളും തൊഴിലാളി സംഘടനകളും പറഞ്ഞു.
ജനറൽ കൺവീനർ രാജ് കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. കൺവീനർമാരായ കെ. ഗംഗാധരൻ, പി.കെ. പവിത്രൻ, കെ. വിജയൻ, ടി.എം. സുധാകരൻ, പി.പി. മോഹനൻ, പി.വി. പത്മനാഭൻ, പി.സി. നാരായണൻ സംസാരിച്ചു.
കഴിഞ്ഞ ദിവസം നടാൽ ഗേറ്റടച്ച സമയത്തുണ്ടായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് ഇതേ റൂട്ടിലോടുന്ന ബസുകൾ മുന്നറിയിപ്പില്ലാതെ മിന്നൽ പണിമുടക്ക് നടത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വീണ്ടും ബസുകൾ ഓട്ടം നിർത്തിവെക്കുന്നത് ജനങ്ങളുടെ യാത്ര ദുരിതമാക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.