വിവാദ പരാമർശം: ജലീലിനെതിരെ യൂത്ത് ലീഗ് പരാതി നൽകി

news image
Oct 7, 2024, 7:08 am GMT+0000 payyolionline.in

മലപ്പുറം: വിവാദ പരാമർശത്തിൽ കെ.ടി. ജലീലിൽ എം.എൽ.എക്കെതിരെ പരാതി നൽകി മുസ്‌ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ജലീൽ മതസ്പർധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നുമാണ് യൂത്ത് ലീഗിന്‍റെ ആവശ്യം.

സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്‌ലിം മതവിഭാഗത്തിൽ നിന്നുള്ളവരാണെന്ന ജലീലിന്‍റെ പരാമർശമാണ് വിവാദമായത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ജലീലിനെതിരെ രംഗത്തുവന്നിരുന്നു. ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണന്നും പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണെന്നാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചത്.

എന്നാൽ, തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍െ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നുമാണ് ജലീലിന്‍റെ വാദം. താൻ സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമർശമാണ് നടത്തിയത്. എന്നാൽ, തന്‍റെ വാക്കുകൾ വളച്ചൊടിച്ചു. സൈബർ ഇടത്തിൽ പരാമർശം തെറ്റായി പ്രചരിച്ചെന്നും ജലീൽ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe