കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി സഞ്ജയ് റോയിക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കുറ്റപത്രം സമർപ്പിച്ചു. കൊൽക്കത്ത പൊലീസിൽ കരാർ ജീവനക്കാരനായിരുന്നു സഞ്ജയ് റോയ്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് സീൽദയിലെ പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
വിശ്രമ വേളയിൽ ഡോക്ടർ ആശുപത്രിയിലെ സെമിനാർ മുറിയിൽ വിശ്രമിക്കാൻ പോയ സമയത്താണ് സഞ്ജയ് റോയ് കുറ്റകൃത്യം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. സഞ്ജയ് റോയിയെ മുഖ്യപ്രതിയാക്കി സമർപ്പിച്ച കുറ്റപത്രത്തിൽ ഇരുനൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ജോലിക്കിടയിലെ വിശ്രമസമയത്ത് സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് പ്രതി വനിതാ ഡോക്ടറെ ബലാംത്സംഗം ചെയ്ത് കൊന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ആഗസ്ത് 9 നാണ് ആ ർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് അന്വേഷണം ഏറ്റെടുക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടത്.