സാംസങ്ങിലെ തൊഴിലാളി സമരം ഒത്തുതീർന്നു; തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചു

news image
Oct 8, 2024, 7:43 am GMT+0000 payyolionline.in

ചെന്നൈ: ചെന്നൈയിൽ ശമ്പളവർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികളുമായി മൊബൈൽ കമ്പനിയായ സാംസങ് ധാരണയിലെത്തി. സാംസങ്ങിന്റെ ശ്രീപെരുമ്പത്തൂർ യൂനിറ്റിലെ 1100ലധികം ജീവനക്കാരാണ് പണിമുടക്കിനിറങ്ങിയത്. സെപ്റ്റംബർ ഒമ്പതു മുതൽ ചെന്നൈയിൽ തൊഴിലാളികൾ സമരത്തിലായിരുന്നു.

സാംസങ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം അവസാനിച്ചത്. സമരം നടത്തുന്ന ജീവനക്കാരുടെ ആവശ്യങ്ങൾ സാംസങ് അംഗീകരിക്കുകയായിരുന്നു.

വേതന വർധനയും അധിക ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. ചർച്ച വിജയകരമായതിനു ശേഷം ജീവനക്കാർ സംതൃപ്തരാണെന്ന് മന്ത്രി രാജ എക്‌സിൽ പോസ്റ്റ് ചെയ്തു. 12 മണിക്കൂർ ചർച്ച നടത്തിയതിന് സാംസങ്ങിന്റെ നേതൃത്വത്തെയും ജീവനക്കാരുടെ ക്രിയാത്മക ഇടപെടലിനെയും അദ്ദേഹം അഭിനന്ദിച്ചു.

സി.ഐ.ടി.യു പിന്തുണയുള്ള സാംസങ് ഇന്ത്യ വർക്കേഴ്സ് യൂനിയനെ സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ചർച്ച വിജയകരമായതിനു ശേഷം ജോലിയിൽ പ്രവേശിക്കാൻ മന്ത്രി രാജ ജീവനക്കാരോട് അഭ്യർഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe