ഹരിയാന തോൽവി അംഗീകരിക്കില്ലെന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം

news image
Oct 8, 2024, 1:07 pm GMT+0000 payyolionline.in

ഛണ്ഡീഗഡ്: വോട്ടെണ്ണലിനിടെ വലിയ ട്വിസ്റ്റുകൾ നടന്ന ഹരിയാനയിൽ മൂന്നാമതും ബിജെപി അധികാരത്തിലേക്കെന്ന് ഉറപ്പായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ജയ്റാം രമേശും പവൻ ഖേരയും ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. വോട്ടിങ് മെഷീൻ്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയങ്ങളുന്നയിച്ച കോൺഗ്രസ് നേതാക്കൾ, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റാണ് നേടിയത്. ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകർന്നടിഞ്ഞ സംസ്ഥാനത്ത് ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസ് 36 സീറ്റിലാണ് വിജയിച്ചത്. ഹരിയാനയിൽ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറിൽ ആഘോഷം കോൺഗ്രസിൻ്റെ കേന്ദ്രങ്ങളിലായിരുന്നു. എല്ലാ മാധ്യമങ്ങളും കോൺഗ്രസിന് 70ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ ഒമ്പതരയോടെ വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോൺഗ്രസ് പെട്ടെന്ന് താഴേക്ക് പോയി. ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു. തെക്കൻ ഹരിയാനയും രാജസ്ഥാനുമായി ചേർന്നു കിടക്കുന്ന ആഹിർവാൾ മേഖലയും ബിജെപി തൂത്തു വാരി. ദില്ലിക്കു ചുറ്റും കിടക്കുന്ന പത്തിൽ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചത് അവരെ വൻ വിജയത്തിലേക്ക് നയിച്ചു.

പഞ്ചാബുമായി ചേർന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ജയിക്കാനായത്. കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച സിപിഎമ്മിൻറെ ഓംപ്രകാശിന് ഭിവാനി സീറ്റീൽ ജയിക്കാനായില്ല. ദേവിലാലിൻറെ കുടുംബം നിയന്ത്രിക്കുന്ന രണ്ടു പാർട്ടികളിൽ ഐ.എൻ.എൽ.ഡി രണ്ടു സീറ്റുകളുമായി പിടിച്ചു നിന്നു. ദുഷ്യന്തിന് ഇത്തവണ കനത്ത തിരിച്ചടിയേറ്റു. ഉച്ചാന കലാൻ സീറ്റിൽ ദുഷ്യന്ത് അഞ്ചാം സ്ഥാനത്തേക്ക് പോയി. ദുഷ്യന്തിൻറെ അനുജൻ ദ്വിഗ്വിജയ് ചൗതാലയും തോറ്റു. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഭജൻലാലിൻറെ ചെറുമകൻ ഭവ്യ ബിഷ്ണോയിയും ബൻസിലാലിൻറെ ചെറുമകൾ ശ്രുതി ചൗധരിയും ബിജെപി ടിക്കറ്റിൽ വിജയം കണ്ടു. രോതക് അടക്കമുള്ള ശക്തികേന്ദ്രങ്ങൾ നിലനിർത്തിയത് മാത്രമാണ് ഭുപീന്ദർ ഹൂഡയ്ക്ക് ആശ്വാസം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe