തിരുവനന്തപുരം: ഓരോ ചികിത്സക്കും ഈടാക്കുന്ന നിരക്ക് സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കിയോസ്കുകൾ വഴി പ്രദർശിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു.
സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അഭിപ്രായ സമന്വയത്തിലെത്തിയത് -കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ ഭേദഗതി ബിൽ ചർച്ചക്ക് മറുപടി പറയവെ മന്ത്രി വ്യക്തമാക്കി.
നിരക്ക് എഴുതി പ്രദർശിപ്പിക്കണമെന്നതടക്കം വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് സർക്കാർ നിയമം പാസാക്കിയെങ്കിലും ചിലർ സ്റ്റേ നേടി. ഈ സാഹചര്യത്തിലാണ് ഐ.എം.എയുടെ സാന്നിധ്യത്തിലടക്കം ചർച്ച നടത്തിയത്. ചികിത്സ രേഖകൾ രോഗിയുടെ അനുവാദത്തോടെ ആശുപത്രികൾക്ക് ഡിജിറ്റലായി ലഭ്യമാക്കുന്നതിന് ഇലക്ട്രോണിക് ഐഡി ഏർപ്പെടുത്തിയെങ്കിലും ഇതിനെതിരെയും ചിലർ കോടതിയെ സമീപിച്ചു.
രണ്ടാം കേരള മാതൃകക്ക് വേണ്ടിയാണ് സർക്കാർ ശ്രമം. നിയമഭേദഗതിയോടെ കൂടുതൽ അധികാരങ്ങൾ ആരോഗ്യവകുപ്പിന് കൈവരും. സ്ഥാപനങ്ങളുടെ സേവനത്തിന്‍റെ ഗുണനിലവാരം മാത്രമല്ല, മനുഷ്യവിഭവശേഷി സംബന്ധിച്ച മാനദണ്ഡങ്ങളും ഉറപ്പുവരുത്താം.
നിയമഭേദഗതിയോടെ സ്ഥിരം രജിസ്ട്രേഷന്‍റെ കാലയളവ് മൂന്നിൽനിന്ന് അഞ്ചു വർഷമാകും. അതേസമയം, അതോറിറ്റിയുടെ പരിശോധനയിൽ മാനദണ്ഡങ്ങളിൽ വീഴ്ച കണ്ടാൽ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.