കോഴിക്കോട്: കട്ടൻ ചായയും മിക്സ്ചറും നല്ല കോമ്പിനേഷനാണ്. പക്ഷേ, കഴിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം. അലർജി വരാൻ സാധ്യത കൂടുതലാണ്. ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പരിശോധനക്കെടുത്ത മിക്സ്ചറിൽ അനുവദനീയമല്ലാത്ത ടാട്രസിൻ കണ്ടെത്തിയതിനെ തുടർന്ന് ഉൽപാദനവും വിൽപനയും നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന് ശേഖരിച്ച് പരിശോധനക്കയച്ച മിക്സ്ചറുകളിൽ ടാട്രസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പിൾ എടുത്ത കടകളിലേ മിക്സ്ചറിന്റെ വിൽപനയും നിർമിച്ച് വിതരണം നടത്തിയ സ്ഥാപനത്തിലെ മിക്സ്ചർ നിർമാണവും നിരോധിച്ചതായി ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു.
വടകര ജെ.ടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അഗസ്ത്യൻമുഴി ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ്, എന്നീ സ്ഥാപനങ്ങളിലെ മിക്സ്ചറിന്റെ വിൽപനയാണ് നിരോധിച്ചത്. പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറിക്ക് മിക്സ്ചർ ഉൽപാദിപ്പിച്ച് വിൽപന നടത്തിയ ഓമശ്ശേരി പുത്തൂർ റിയാ ബേക്കറിയുടെ മിക്സറിന്റെ ഉൽപാദനവും നിരോധിച്ചു.
ടാട്രസിൻ എന്ന കളർ ഭക്ഷണത്തിൽ ഉപയോഗിക്കാമെങ്കിലും മിക്സ്ചറിൽ ചേർക്കാൻ പാടില്ല. ടാട്രസിന് കൂടുതൽ അലർജി സാധ്യതയുള്ളതിനാൽ പലതരം ഭക്ഷ്യവസ്തുക്കളിലും ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സ്ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി ടാട്രസിൻ ഉപയോഗിക്കുന്നത്. നിയമ വിരുദ്ധമായി കൃത്രിമ നിറം ചേര്ത്ത് വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.