അമരാവതി: വിജയവാഡ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. 52കാരനായ എബനേസർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ അജ്ഞാതനായ ആക്രമി അദ്ദേഹത്തിന്‍റെ തലയിൽ ഇരുമ്പ് വടികൊണ്ട് ഇടിക്കുകയും മാരകമായ പരിക്കേൽക്കുകയും ചെയ്തു.
അടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌റ്റേഷനിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ഷർട്ട് ധരിക്കാത്ത ഒരാൾ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നത് കാണുന്നുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതിയെ പിടികൂടാൻ പരിശ്രമിക്കുകയാണെന്നും വിജയവാഡ റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ എം. രവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണത്തിൽ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് റെയിൽവേ പൊലീസ് അഭ്യർഥിച്ചു.