മോദിക്കെതിരായ പരാമർശം; അപകീർത്തി കേസിൽ തരൂരി​ന്‍റെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

news image
Oct 12, 2024, 10:09 am GMT+0000 payyolionline.in

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ‘ശിവലിംഗത്തിന് മേലുള്ള തേൾ’ എന്ന പരാമർശത്തി​ന്‍റെ പേരിൽ തനിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഡൽഹി ഹൈകോടതി വിധിക്കെതിരെ കോൺഗ്രസ് എം.പി ശശി തരൂർ നൽകിയ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സെപ്റ്റംബർ 10ന് തരൂരിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ വിചാരണക്കോടതിക്ക് മുമ്പാകെയുള്ള നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ഹരജിയിൽ പ്രതികരണം തേടി ഡൽഹി പൊലീസിനും കേസിലെ പരാതിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് തരൂരി​ന്‍റെ ഹരജി പരിഗണിക്കുന്നത്.

2018 ഒക്ടോബറിൽ പേര് വെളിപ്പെടുത്താത്ത ആർ.എസ്.എസ് നേതാവ് മോദിയെ ‘ശിവലിംഗത്തിൽ ഇരിക്കുന്ന തേളിനോട്’ ഉപമിച്ചതായി തരൂർ അവകാശപ്പെട്ടിരുന്നു. ഇത് അസാധാരണമാംവിധം ശ്രദ്ധേയമായ രൂപകമാണെന്നും കോൺഗ്രസ് നേതാവ് പറയുകയുണ്ടായി.

കോൺഗ്രസ് നേതാവി​ന്‍റെ പ്രസ്താവന ത​ന്‍റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാജീവ് ബബ്ബറാണ് തരൂരിനെതിരെ വിചാരണ കോടതിയിൽ ക്രിമിനൽ പരാതി നൽകിയത്. വിചാരണക്കോടതിയുടെ പരിഗണനയിലുള്ള മാനനഷ്ട നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരൂർ സമർപിച്ച ഹരജി തള്ളിയ ഡൽഹി ഹൈകോടതി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അപകീർത്തിക്കുള്ള ശിക്ഷ പ്രകാരം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് സമൻസ് അയക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് പറഞ്ഞു.

തനിക്കെതിരായ അപകീർത്തികരമായ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച ആഗസ്റ്റ് 29ലെ ഹൈകോടതി ഉത്തരവിനെതിരെയാണ് കോൺഗ്രസ് എം.പി സുപ്രീംകോടതിയെ സമീപിച്ചത്. സെപ്റ്റംബർ 10ന് നടന്ന വാദത്തിനിടെ, പരാതിക്കാരനെ കേസിൽ പീഡിത കക്ഷിയാണെന്ന് പറയാനാവില്ലെന്ന് തരൂരി​ന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. തരൂരി​ന്‍റെ അഭിപ്രായത്തിന് മാനനഷ്ട നിയമത്തി​ന്‍റെ ‘ഇമ്യൂണിറ്റി ക്ലോസ്’ പ്രകാരം പരിരക്ഷയുണ്ടെന്നും ​അഭിഭാഷകൻ വാദിച്ചു.

പ്രസ്താവന നടത്തുന്നതിന് ആറ് വർഷം മുമ്പ് 2012ൽ കാരവൻ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ തരൂർ പരാമർശം നടത്തിയിരുന്നു. എന്നാൽ, അന്നത് അപകീർത്തികരമായ പ്രസ്താവനയായിരുന്നില്ലെന്ന് സുപ്രീംകോടതി ആശ്ചര്യ​പ്പെടുകയുണ്ടായി. ‘ഇതൊരു രൂപകമാണ്. ഞാനത് മനസ്സിലാക്കാൻ ശ്രമിച്ചു. ഇത് പരാമർശിക്കുന്ന (മോദി) വ്യക്തിയുടെ അജയ്യതയെയാണ് സൂചിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇവിടെ എതിർപ്പ് പ്രകടിപ്പിച്ചതെന്ന് മനസ്സിലാവുന്നില്ല’- ജസ്റ്റിസ് റോയ് വാദത്തിനിടെ അഭിപ്രായപ്പെട്ടു.

എന്നാൽ, പ്രധാനമന്ത്രിക്കെതിരായ ‘ശിവലിംഗത്തിലെ തേൾ’ പോലുള്ള പരാമർശം ‘നിന്ദ്യമാണെന്ന്’ പറഞ്ഞുകൊണ്ടാണ് തരൂരിനെതിരായ നടപടികൾ റദ്ദാക്കാൻ ഹൈകോടതി വിസമ്മതിച്ചത്. പ്രഥമദൃഷ്ട്യാ പരാമർശം പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും അതി​ന്‍റെ ഭാരവാഹികളെയും അംഗങ്ങളെയും അപകീർത്തിപ്പെടുത്തിയെന്നും ഹൈകോടതി പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe