കൊച്ചി ∙ മുന്‍ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്. ഇന്നു പുലർച്ചെ അറസ്റ്റിലായ ബാലയും മാനേജർ രാജേഷും ഇപ്പോഴും കടവന്ത്ര പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. വൈകിട്ടോടെ നടനെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് പൊലീസ് പറയുന്നത്. ബാലയും മുൻ ഭാര്യയുമായുള്ള പ്രശ്നങ്ങൾ അടുത്തകാലത്തായി സമൂഹമാധ്യമങ്ങളില്‍ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.
ബാലയെ അറസ്റ്റ് ചെയ്തത് ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുന്ന ആളാണ്, നോട്ടിസ് കൊടുത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കില്‍ ബാല സഹകരിക്കുമായിരുന്നു. അറസ്റ്റ് ഒഴിവാക്കാമായിരുന്നു എന്നും അവർ പറഞ്ഞു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷക വ്യക്തമാക്കിയിട്ടുണ്ട്. മുൻ ഭാര്യയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബാലയെ ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, വിവാഹ മോചന കരാർ ലംഘിച്ചതിന് ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
ബാലയും മുൻഭാര്യയും പിരിഞ്ഞതിനു ശേഷവും മകളെ ചൊല്ലി ഇടക്കിടെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ ഒടുവിലാണ് ഇപ്പോൾ കേസുണ്ടായിരിക്കുന്നത്. മകളെ കാണാൻ തന്നെ അനുവദിക്കണമെന്ന് വിവാഹമോചന കരാറിലുണ്ടായിരുന്നെങ്കിലും ഇത് പാലിക്കുന്നില്ല എന്ന് ബാല ആരോപിച്ചിരുന്നു. എന്നാൽ മകളെയും കൊണ്ട് കോടതിയിലെത്തി കാത്തുനിന്നിട്ടു പോലും ബാല കാണാനെത്തിയില്ലെന്ന് പരാതിക്കാരി വ്യക്തമാക്കുകയും ചെയ്തിരുന്നു. പലവട്ടം ഇത്തരത്തിലുള്ള ആരോപണങ്ങൾ ബാല ഉന്നയിക്കുകയും പരാതിക്കാരിയോ സഹോദരിയോ സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഇതിനുള്ള മറുപടി കൊടുക്കുകയും ചെയ്തിരുന്നു. തന്നെ ശാരീരികമായും മാനസികമായും ബാല അത്രത്തോളം ദ്രോഹിച്ചിട്ടുണ്ടെന്നും സഹിക്കാൻ കഴിയാതായപ്പോഴാണ് ഇറങ്ങിപ്പോന്നത് എന്നും അവർ വെളിപ്പെടുത്തിയിരുന്നു. മകളെ ഇനിയും ഉപദ്രവിക്കരുതെന്നും അവർ പറഞ്ഞിരുന്നു.
തുടർന്ന് മകൾ തന്നെ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നു. മദ്യപിച്ച് വന്ന് അമ്മയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു എന്നും തന്നെ മുറിയിൽ പൂട്ടിയിടുക പോലും ചെയ്തിട്ടുണ്ടെന്നും മകൾ തുറന്നു പറഞ്ഞിരുന്നു. ഇതിനോട് വികാരഭരിതനായി പ്രതികരിച്ച ബാല, ഇനി മകള്‍ക്ക് അച്ഛനില്ല എന്നു കരുതിക്കോളൂ തുടങ്ങിയ പരാമർശങ്ങളും നടത്തി. ഇതിനിടെ പരാതിക്കാരിയെ ആശങ്കയും മാനസിക സമ്മർദ്ദവും കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യവുണ്ടായി. ഇതിനു ശേഷം ഇവർ പരാതി കൊടുക്കുകയായിരുന്നു.