സ്പോട്ട് ബുക്കിങ് തീരുമാനമായില്ല; വെർച്വൽ ക്യൂവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം ബോർഡ്

news image
Oct 14, 2024, 8:21 am GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂവുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ശബരിമലയിൽ എത്തുന്നവരുടെ സുരക്ഷയും ആരോഗ്യവും പ്രധാനമാണ്. അതിനു വേണ്ടിയാണ് വെർച്വൽ ബുക്കിങ് ഒരുക്കിയത്. ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങുന്ന സ്ഥിതിയുണ്ടാകില്ലെന്ന് പറഞ്ഞ ബോർഡ് പ്രസിഡന്‍റ്, സ്പോട്ട് ബുക്കിങ് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

“ശബരിമലയിലേക്ക് എത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങുന്ന സ്ഥിതിയുണ്ടാകില്ല. അതിനു വേണ്ടിയുള്ള മുൻകരുതലുകൾ നടത്താൻ ശേഷിയുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളത്. തീർഥാടകരുടെ സുരക്ഷയും ആരോഗ്യവും ദേവസ്വം ബോർഡിനെയും സർക്കാറിനെയും സംബന്ധിച്ച് അതിപ്രധാനമാണ്. അതിനു വേണ്ടിയാണ് വെർച്വൽ ക്യൂവുമായി മുന്നോട്ടുപോകുന്നത്. അതുമായി ബന്ധപ്പെട്ട പരാമർശം നടത്തിയവരുടെ ആത്മാർഥത ഭക്തരായാലും ഭഗവാനായാലും തിരിച്ചറിഞ്ഞുകൊള്ളും” -പി.എസ്. പ്രശാന്ത് പറഞ്ഞു.

സ്പോട്ട് ബുക്കിങ് സംബന്ധിച്ച കാര്യത്തിൽ ഇനിയും അവ്യക്തത തുടരുകയാണ്. എല്ലാവർക്കും ദർശനം സാധ്യമാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറയുന്നതിലൂടെ സ്പോട്ട് ബുക്കിങ്ങിനുള്ള സാധ്യത തള്ളിക്കളയാനാവാത്ത സ്ഥിതിയാണ്. എന്നാൽ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമുൾപ്പെടെ തയാറാക്കാനായി വെർച്വൽ ക്യൂ ബുക്കിങ് ആധികാരിക രേഖയായി കണക്കാക്കുമെന്നും ദേവസ്വം പറയുന്നു. വിവാദം രൂക്ഷമായതോടെ സി.പി.ഐ മുഖപത്രമായ ജനയുഗവും സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു.

“ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുത്. പ്രത്യേകിച്ചും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടിത്തം നമ്മെ ആപത്തിൽ കൊണ്ടുചാടിക്കുകയേയുള്ളൂ. ശബരിമലയിലെ ദർശനത്തിന് വെർച്വൽ ബുക്കിങ് മാത്രം പോരെന്നും സ്പോട്ട് ബുക്കിങ് കൂടി വേണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ പറഞ്ഞു. ദർശനത്തിനുള്ള പരിഷ്കാരം ബി.ജെ.പിയുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയാകെ എതിർപ്പിന് കാരണമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

രംഗം തണുപ്പിക്കാൻ വരട്ടെ, നോക്കട്ടെ എന്നു പോലും പറയാതെ നിലപാടെടുത്തപ്പോൾ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പ സേവാ സംഘങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനിടെ ദേവസ്വം മന്ത്രി വാസവൻ പറയുന്നത് ഒരു കാരണവശാലും സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്നാണ്. ഒരിക്കൽ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓർമയെങ്കിലും വാസവൻ മന്ത്രിക്ക് വേണ്ടേ” -എന്നിങ്ങനെയാണ് ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്…’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമർശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe