തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികൾ സമർപ്പിച്ച അപേക്ഷയിൽ ആവശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പണറണായി വിജയൻ. ഉന്നതതല സമിതിയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കാൻ സർക്കാർ ഉത്തരവിടണമെന്നാണ് ആദിവാസികൾ അവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയിൽ കെ.കെ. രമക്ക് രേഖാമൂലം മറുപടി നൽകി.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി (ടി.എൽ.എ) കേസിലുള്ള ഭൂമി വിട്ടുകിടണമെന്നും കേസിലുള്ള ഭൂമിക്ക് ആദിവാസികൾ അല്ലാത്തവർക്ക് നികുതി രസീതും കൈവശരേഖയും നൽകരുതെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ചാലക്കുടി സനാതന ധർമ ട്രസ്റ്റ്, അഗ്രി ഫാം, പാലാരിവട്ടം നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ്, വിദ്യാധിരാജ ട്രസ്റ്റ്, കോട്ടത്തറി അഗ്രീ ഫാമിങ്ങ് സൊസൈറ്റി എന്നിവയുടെ പേരിൽ അട്ടപ്പാടിയിൽ ഭൂമി കൈയേറ്റം നടക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
മറ്റ് ആവശ്യങ്ങൾ ഇങ്ങനെ…പൊലീസ് സാന്നിധ്യത്തിൽ ആദിവാസികളെ ഭീഷണിപ്പെടുത്തി ഭൂമി കൈയേറരുത്. ടി.എൽ.എ ഉത്തരവായ കേസുകളിൽ സമയക്രമം അനുസരിച്ച് നടപടി പൂർത്തിയാക്കണം. ടി.എൽ.എ കേസിൽ ആദിവാസികൾക്ക് നഷ്ടമായ ഭൂമിക്ക് പകരം കൃഷിയോഗ്യവും വാസയോഗവുമായ ഭൂമി നൽകണം. കോട്ടത്തറ വില്ലേജിലെ വൻതോതിലുള്ള ആദിവാസി ഭൂമിയേറ്റം തടയണം.
വിവിധകാലത്ത് നടന്ന പട്ടയമേളകളിൽ ആദിവാസികൾക്ക് നൽകിയ പട്ടയങ്ങൾക്ക് അട്ടപ്പാടിയിൽ ഭൂമി ലഭിച്ചിട്ടില്ല. ശ്മാശാനത്തിലേക്കും ക്ഷേത്രങ്ങളിലേക്കും കുടിവെള്ള നീരുറവകളിലേക്കും ആദിവാസികൾ പോകുന്ന വഴികൾ ഉൾപ്പെടെ കെട്ടിയടച്ച് ബോർഡുകൾ വെക്കരുത്. ഡിജിറ്റൽ സർവേ എന്ന പേരിൽ നടക്കുന്നത് ആദിവാസി ഭൂമി കൈയേറ്റമാണ്. ആദിവാസികളുടെ കുടുംബഭൂമികൾ അടിയന്തരമായി അളന്നു തിരിച്ചു നൽകുന്നതിനുള്ള ചെലവ് സർക്കാർ ഉത്തരവ് പ്രകാരം പട്ടികവർഗ വകുപ്പ് നേരിട്ട് രജിസ്ട്രേഷൻ വകുപ്പിന് നൽകണം.
കൃഷിക്ക് വേണ്ടി നൽകിയ പമ്പ് സെറ്റുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജനികുതി രാസീത് ഉണ്ടാക്കിയാണ് തട്ടിയെടുത്തത്. ഇക്കാര്യങ്ങളെല്ലാം ഉന്നതതല സമിതിയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ സർക്കാർ ഉത്തരവിടണമെന്നാണ് ആദിവാസികൾ അവശ്യപ്പെട്ടത്. അട്ടപ്പാടിയിലെ ആദിവാസികൾ സമർപ്പിച്ച അപേക്ഷയിലെ ആവശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് അപേക്ഷ ബന്ധപ്പെട്ടവർക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.