തലശ്ശേരി: ആര്.എസ്.എസ് നേതാവ് ഇരിട്ടി പുന്നാട്ടെ അശ്വനി കുമാര്‍ (27) വധക്കേസില്‍ വിധി പറയുന്നത് 21ലേക്ക് മാറ്റി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറയുക. ഹിന്ദു ഐക്യവേദി ജില്ല കൺവീനറും ആധ്യാത്മിക പ്രഭാഷകനും ആർ.എസ്.എസ് നേതാവുമാണ് കൊല്ലപ്പെട്ട അശ്വിനി കുമാർ.
2005 മാര്‍ച്ച് 10ന് കണ്ണൂരിൽനിന്ന് പേരാവൂരിലേക്കുള്ള യാത്രാമധ്യേ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞ് അശ്വനികുമാറിനെ ബസിനകത്ത് കയറി പ്രതികൾ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
എൻ.ഡി.എഫ് പ്രവർത്തകരായ 14 പേരാണ് കേസിലെ പ്രതികൾ. ഒന്നാംപ്രതി പുതിയ വീട്ടില്‍ അസീസ്, രണ്ടാം പ്രതി കുഞ്ഞറക്കല്‍ തെയ്യടവളപ്പില് നൂഹുല്‍ അമീൽ, മൂന്നാം പ്രതി എം.പി. മര്‍ഷൂക്ക് എന്നിവർ വെട്ടിക്കൊലപ്പെടുത്തിയെന്നും നാലുമുതൽ ഒമ്പതുവരെയുള്ള പ്രതികൾ ബസിനെ ജീപ്പിൽ പിന്തുടർന്ന് റോഡിൽ ബോംബെറിയുകയും ആളുകളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും 10 മുതൽ 12 വരെ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും 13, 14 പ്രതികൾ ബോംബ് നിർമിക്കാനാവശ്യമായ സ്ഫോടക വസ്തുക്കൾ വാങ്ങിനൽകിയെന്നുമാണ് കേസ്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ പി.കെ. മധുസൂദനന്, കെ. സലീം, എം. ദാമോദരന്‍, ഡി. സാലി, എം.സി. കുഞ്ഞിമൊയ്തീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 2009 ജൂലൈ 31നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോസഫ് തോമസ്, അഡ്വ. പി. പ്രേമരാജന്‍, പ്രതികള്‍ക്കുവേണ്ടി അഡ്വ. പി.സി. നൗഷാദ്, അഡ്വ. രഞ്ജിത്ത് മാരാര്‍ എന്നിവരാണ് ഹാജരായത്.