കോഴിക്കോട്: തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കുക. പ്രതികളെ ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളോട് ഡിവിഷന്‍ ബെഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റ് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിൽ നിയമ തടസമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. മതസ്പര്‍ദ്ദയാണ് കൊലപാതകത്തിന് കാരണമെന്നും കടുത്ത ശിക്ഷ പ്രതികള്‍ക്ക് നല്‍കണമെന്നും പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതികളുടെ ശിക്ഷയില്‍ ഡിവിഷന്‍ ബെഞ്ച് ഉച്ചക്ക് 1.45ന് വിധി പറയും.
2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. ബൈക്കിൽ വരികയായിരുന്ന ഷിബിനെയും സുഹൃത്തിനെയും വെള്ളൂർ സ്‌കൂളിന് സമീപം തടഞ്ഞുനിർത്തിയാണ് തെയ്യമ്പാടി ഇസ്‌മയിൽ, മുനീർ, വാറങ്കിത്താഴത്ത് സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിന്റെ അച്ഛനും സർക്കാരും നൽകിയ അപ്പീലിലാണ് മുസ്‌ലിം ലീഗ് പ്രവർത്തകരായ എട്ട് പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ഇതിൽ ആറ് പ്രതികൾ ഇന്നലെ രാത്രിയാണ് വിദേശത്ത് നിന്നെത്തിയത്. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ എത്തിയിട്ടില്ല. മൂന്നാം പ്രതി നേരത്തേ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും ആശ്വാസകരമായ ശിക്ഷ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഷിബിൻ്റെ അച്ഛൻ ഭാസ്കരൻ പ്രതികരിച്ചു.