ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കനത്ത മഴ. നഗരത്തിലെ ഹെബ്ബാൾ, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ് നഗര, മഹാദേവപുര എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഈ പ്രദേശങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് വൈകിട്ടോടെയാണ് മഴ ശക്തമായത്. കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം വെള്ളത്തിൽ മുങ്ങി.
സാക്ര ആശുപത്രിയുടെ കഫറ്റീരിയയിൽ വെള്ളം കയറി. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബൻ ജില്ലയിൽ മഴ തുടരുന്നതിനാലും മൈസുരു- ബംഗളുരു ഹൈവേയിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കി. കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാൽ വേഗതയിൽ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് ബംഗളുരു അർബൻ ജില്ലയിൽ നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അര്‍ബൻ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകൾക്ക് അവധി ബാധകമാണ്. കോളേജുകൾക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിൽ ആണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവിൽ നടക്കാനാരിക്കുന്ന നാളത്തെ ഇന്ത്യ – ന്യുസീലൻഡ് ടെസ്റ്റ് മാറ്റിയേക്കും. കളിക്കാരുടെ ഇന്നത്തെ പരിശീലനം റദ്ദാക്കി. നാളെയും ബംഗളൂരു നഗരത്തിൽ ഓറഞ്ച് അലർട്ടാണ്. അടുത്ത രണ്ട് ദിവസം നഗരത്തിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പാണുള്ളത്. ചെന്നൈ അടക്കം തമിഴ്നാട്ടിലെ 4 വടക്കൻ ജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിക്കും അവധി പ്രഖ്യാപിച്ചു. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.