ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ അതിവേഗ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ഹൈ സ്പീഡ് റെയിൽ കണക്റ്റിവിറ്റി എന്ന ഇന്ത്യൻ റെയിൽവേയുടെ സ്വപ്നങ്ങൾക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട് , ദേശീയ ട്രാൻസ്പോർട്ടർ അതിവേഗ ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ബെമലിന് നൽകി. ട്രെയിനുകൾ ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയാണ് പരീക്ഷിക്കുന്നത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത, ചെയർ കാർ കോൺഫിഗറേഷനോടുകൂടി സുഖകരവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പുനൽകുന്നതാണ് ട്രെയിനുകൾ.
രണ്ട് അതിവേഗ ട്രെയിനുകളുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായി ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ബെമലിന് കരാർ നൽകി. ഓരോ ട്രെയിനുകളിലും എട്ട് കോച്ചുകൾ ഉണ്ടായിരിക്കും. ഒരു കോച്ചിന് 27.86 കോടി രൂപ ചെലവ് വരും. മൊത്തം 866.87 കോടി രൂപയാകും ചെലവ്. 2026 അവസാനത്തോടെ ട്രെയിനുകൾ കൈമാറും.
ബെമലിന്റെ കോച്ച് ഫാക്ടറിയിലായിരിക്കും നിർമാണം. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമിക്കുന്നത് എൻഎച്ച്എസ്ആർസിഎല്ലാണ്. അതേസമയം, ബെമൽ ആദ്യത്തെ 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കും. ആദ്യത്തെ ട്രെയിൻ ഐസിഎഫിന് കൈമാറി.