ആലപ്പുഴയിൽ ഭാര്യയുടെയും മക്കളുടെയും കൺമുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം

news image
Oct 18, 2024, 12:47 pm GMT+0000 payyolionline.in

ആലപ്പുഴ: ഭാര്യയുടെയും മക്കളുടെയും കൺമുന്നിലിട്ട് ഗൃഹനാഥനെ വെട്ടിക്കൊന്നകേസിൽ പ്രതികൾക്ക് ജീവപര്യന്ത്യം. ഒന്നാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ (34), ആര്യാട് കോമളപുരം പുതുവൽവീട്ടിൽ നന്ദു (29) എന്നിവരെയാണ് ആലപ്പുഴ ജില്ല അഡീഷനൽ സെഷൻ കോടതി-ഒന്ന് ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്. പ്രതികൾ ഓരോ ലക്ഷം രൂപ വീതം തുക പിഴയൊടുക്കണം. ഇല്ലെങ്കിൽ ഒരുവർഷംകൂടി അധികതടവ് അനുഭവിക്കണം. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിന് പ്രതി ചേർത്ത അഭിഭാഷകൻ അടക്കം മൂന്ന് മുതൽ ഏഴു പ്രതികളെയും കോടതി വെറുതെവിട്ടു.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ാം വാർഡിൽ തത്തങ്ങാട്ട് വീട്ടിൽ സോണിയെ (36) കൊലപ്പെടുത്തിയ കേസിലാണ് വിധി. വിചാരണവേളയിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിഐയെ കോടതിയിൽവെച്ച് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനാൽ വിധി പറയുന്ന ദിവസം കോടതിയിലും പരിസരത്തും വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

കൈനകരി ജയേഷ് വധക്കേസിലും പ്രതികളായ ഗുണ്ടാസംഘത്തിൽപെട്ട ഇവർ ആ കേസിൽ വീയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴാണ് സോണി വധക്കേസിലും സമാനശിക്ഷ ലഭിച്ചത്. 2017 മേയ് ഒമ്പതിന് ആലപ്പുഴ അയ്യങ്കാളി ജങ്ഷനിൽ വാടക വീട്ടിൽവെച്ചായിരുന്നു പ്രതികൾ സാജനെ കൊലപെടുത്തിയത്. സമീപത്തെ കല്യാണ വീട്ടിൽനിന്നുള്ള ഭക്ഷണം ഭാര്യക്കും മക്കൾക്കും കൊണ്ടുപോയി കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe