തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പ്രതിപക്ഷ നേതാവ് പരാതി നല്‍കി. വയനാട് ജില്ലയിലെ മീനങ്ങാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകള്‍, പാലക്കാട് ജില്ലയിലെ മങ്കര, തിരുവേഗപ്പുറം, പരുതൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയത്.
സ്ഥലം മാറ്റ ഉത്തരവില്‍ 14-10-2024 എന്ന് കാണിച്ചിട്ടുണ്ടെങ്കിലും, ഉത്തരവില്‍ ഒപ്പിട്ടത് 18-10-2024-നാണെന്ന് വ്യക്തമാണ്. പെരുമാറ്റച്ചട്ടം മറികടക്കുന്നതിനു വേണ്ടി ചട്ടം നിലവില്‍ വരുന്നതിന് മുന്‍പുള്ള തീയതി എഴുതിച്ചേര്‍ത്തതാണെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.