കാട്ടിൽപ്പീടികയിൽ കാറിൽ യുവാവിനെ കെട്ടിയിട്ട സംഭവത്തിൽ അടിമുടി ദുരൂഹത; 2 പേർ കസ്റ്റഡിയിൽ

news image
Oct 20, 2024, 4:01 am GMT+0000 payyolionline.in

കോഴിക്കോട്:  എലത്തൂർ കാട്ടിൽപ്പീടികയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്ന സംഭവത്തിൽ സ്വകാര്യ ഏജൻസിയിലെ രണ്ടു ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. എടിഎമ്മിൽ പണം നിറക്കാൻ ചുമതല ഉണ്ടായിരുന്ന രണ്ടു പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് പേർ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്.

അതേസമയം, കുരുടിമുക്കിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്ത് ഇല്ല. കാറിൽ രണ്ടുപേർ കയറിയ ഉടനെ തന്നെ മർദിച്ച് ബോധരഹിതനാക്കി എന്നാണ് സുഹൈലിൻ്റെ മൊഴി. ബോധം നഷ്ടമായതിനാൽ ഒന്നും ഓർമയില്ലെന്നും സുഹൈൽ മൊഴി നൽകി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

കാറിൽ നിന്നും ഒരാൾ നിലവിളിക്കുന്നത് കേട്ടാണ് കാറിനടുത്തേക്ക് പോയതെന്ന് ദൃക്ഷാക്ഷി പറഞ്ഞിരുന്നു. കാറിനകത്ത് യുവാവിനെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടത്. മുഖത്തും കാറിനകത്തും മുളക്പൊടി വിതറിയിരുന്നു. കാറിന്റെ ഡോർ ലോക്ക് ചെയ്തിരുന്നില്ല. ഒരു വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരുന്നു. റോഡിനോട് ചേർന്നായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. പൊലീസിനെ അറിയിച്ചു യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ പറയുന്നു.

കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്. സ്വകാര്യ എടിഎമ്മിൽ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe