തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിന്റെ അറസ്റ്റിന് സാധ്യത. സുപ്രീംകോടതി ചൊവ്വാഴ്ച മുൻകൂർ ജാമ്യ ഹരജി തള്ളിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ തെളിവുകൾ ലഭിച്ചിട്ടും നടനെ അറസ്റ്റ് ചെയ്യാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഒരാഴ്ചയോളം ഒളിവിൽപോയ നടന് സുപ്രീംകോടതിയെ സമീപിക്കാൻ സൗകര്യമൊരുക്കിയെന്നാണ് ആക്ഷേപം. പിന്നീട്, സിദ്ദീഖിനെതിരെ ശക്തമായ പരാമർശങ്ങളുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബലാത്സംഗക്കേസിൽ സിദ്ദീഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തെളിവുകൾ ലഭിച്ചിട്ടും അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. ഹൈകോടതി മുൻകൂർ ജാമ്യ ഹരജി പരിഗണിച്ച ഘട്ടത്തിലും അറസ്റ്റിന് ശ്രമിച്ചില്ല.
2016 ജനുവരി 28ന് നടൻ സിദ്ദീഖ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ ആരോപണം. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തെളിവുകൾ പ്രത്യേകസംഘത്തിന് ലഭിച്ചു. മാസ്കറ്റ് ഹോട്ടലിലെ 101 ഡി നമ്പര്‍ മുറിയിലാണ് പീഡനമെന്നായിരുന്നു മൊഴി. ജനൽ കര്ട്ടൻ മാറ്റിയാല്‍ സ്വിമ്മിങ് പൂള് കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചു. അച്ഛനും അമ്മയും കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലിൽ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. യുവതിയുടെ മൊഴികൾ വസ്തുതപരമാണെന്ന് കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തില്ല.