കോൺഗ്രസ് നാല് വോട്ടിന് അവസരവാദ നിലപാടെടുക്കുന്ന പാർട്ടിയെന്ന് മുഖ്യമന്ത്രി; വിഡി സതീശനും സുധാകരനും വിമർശനം

news image
Oct 25, 2024, 7:00 am GMT+0000 payyolionline.in

തൃശ്ശൂർ: നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി. കോൺഗ്രസിൻ്റെ ഒരു നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വെച്ചു. ഒരു നേതാവ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞു. കേരളം വർഗീയതയില്ലാത്ത നാടല്ല, വർഗീയ സംഘർഷമില്ലാത്ത നാടാണ്. വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് വർഗീയ സംഘർഷം ഇല്ലാത്തത്. അവിടെയാണ് എൽഡിഎഫ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത്. ബിജെപിക്ക് അന്യമത വിരോധമുണ്ട്. അതിൻ്റെ ഭാഗമായ അക്രമം അവർ നടപ്പാക്കുന്നുണ്ട്. മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുടെ ആടയാഭരണം അണിയുന്നു. തൃശ്ശൂരിൽ കോൺഗ്രസിൻ്റെ 87000 വോട്ട് ചോർന്നു. ആ വോട്ട് ബിജെപിയുടെ ജയത്തിന് വഴിയൊരുക്കി.

ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയോട് എൽഡിഎഫിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. എന്നാൽ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെ പ്രീണിപ്പിച്ചു. തത്കാലം വോട്ട് പോരട്ടെയെന്നാണ് യുഡിഎഫ് നിലപാട്. ഇതിനായി ജമാ അത്തെ ഇസ്ലാമിയെയും എസ‌്‌ഡിപിഐയെയും ചേർത്ത് പിടിച്ചു. മുസ്‌ലിം ലീഗ് എസ‌്‌ഡിപിഐയെയും ജമാഅത്തെ ഇസ്‌ലാമിയെയും ചേർത്തു പിടിക്കുന്നത് അവരുടെ തന്നെ ശോഷണത്തിന് വഴിവയ്ക്കും. നാടിൻ്റെ സ്വൈര്യവും ശാന്തിയും സമാധാനവും നിലനിർത്താൻ കഴിയുന്നത് എൽഡിഎഫിന് കീഴിൽ മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. കേന്ദ്ര വിരുദ്ധ സമരത്തിൽ യുഡിഎഫ് പങ്കെടുത്തില്ല. അവർ കേന്ദ്ര സമീപനത്തിന് ഒപ്പം നിന്നു. മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി വന്നുപോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ന്യായമായ സഹായം ഇതുവരെ ലഭിച്ചില്ല. ദുരന്തമുണ്ടായ മറ്റിടങ്ങളിൽ സഹായം നൽകി. കേരളം നശിക്കട്ടെയെന്ന സമീപനമാണ് കേന്ദ്രത്തിന്. മുണ്ടക്കൈയിൽ മനോഹരമായ ടൗൺഷിപ്പ് ഒരുക്കും. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe