തിരുവനന്തപുരം:കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കിലും മണ്ണ് ഇടിഞ്ഞ് വീണു.
അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സംഭവം. മൈലമൂട് ഗോതമ്പി ശ്രീ പത്മനാഭത്തിൽ പി പ്രതാപൻ നായരുടെ വീട്ടിലേക്ക് ആണ് മതിൽ ഇടിഞ്ഞത്.
നിർമ്മാതാവ് അരോമ മണിയുടെ ഉടമസ്ഥയിലുള്ള അരോമ ഗാർഡൻസ് ഷൂട്ടിംഗ് സ്റ്റുഡിയോയുടെ രണ്ടാമത്തെ വഴിയുടെ മതിലാണ് ഇടിഞ്ഞത്. ഫോർഡ് പിയസ്റ്റ ക്ലാസിക്, ഹുണ്ടായി കാറുകളും, യമഹ ലിബറോ , റോയൽ എൻഫീൽഡിൽഡ് ബൈക്കുകളും ആണ് മണ്ണിടിഞ്ഞ് നശിച്ചത്. ബൈക്കുകൾ മണ്ണിനടിയിൽ പെട്ട അവസ്ഥയിലാണ്. പ്രതാപൻ നായരും ഭാര്യയും മക്കളും രണ്ട് കുട്ടികളും മരുമകളുമാണ് താമസിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് വേളിയിലും പൂവാറിലും പൊഴികള്‍ മുറിച്ചു.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ജല വിഭവ വകുപ്പ് പൊഴി മുറിച്ചത്. വേളിയിലെ പൊഴി മുറിച്ചതോടെ ആക്കുളം കായലിലെയും ആമയിഴഞ്ചാൻ തോട്ടിലെയും തെറ്റിയാറിലെയും ജലനിരപ്പ് താഴ്ന്നു. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേര്‍ന്നു. തിരുവനന്തപുരത്ത് കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ശക്തമായ മഴ പെയ്താൽ വെള്ളപ്പൊക്കം പതിവാണ്.
പക്ഷേ മുൻകരുതല്‍ സ്വീകരിച്ചില്ല. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ക്യാമ്പുകള്‍ സജ്ജമാണെന്നും ആരെയും ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് താലൂക്കിൽ ആറ് വീടുകൾ ഭാഗീകമായും കാട്ടാക്കടയിൽ ഒരു വീടും ഭാഗീകമായും തകർന്നു. അരുവിക്കരയിൽ അഞ്ച് ഷട്ടറുകൾ 30 സെന്‍റി മീറ്റര്‍ വീതം ഉയർത്തി, പേപ്പാറയിൽ നാലു ഷട്ടറും തുറന്നു. ജില്ലയിൽ താൽക്കാലികമായി ക്വാറി പ്രവർത്തനം തടഞ്ഞു. മലയോര മേഖലയിലേക്കുളള യാത്ര തടഞ്ഞിട്ടുണ്ട്.