ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങള്‍, മിസൈൽ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേൽ

news image
Oct 26, 2024, 1:57 am GMT+0000 payyolionline.in

റാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാന്‍റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാന്‍റെ നിരന്ത പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇസ്രയേൽ വ്യക്തമാക്കി. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്രസ്ഫോടനങ്ങളുണ്ടായി. സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്.

ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്‍റെ ആക്രമണം വീണ്ടും യുദ്ധം രൂക്ഷമാക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. പത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിനിടയിൽ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഇസ്രയേൽ ആക്രമണം നടത്തിയതായി യുഎസും സ്ഥിരീകരിച്ചു.

 

സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായി ഇറാന്‍റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്‍റെ ആക്രമണം നടന്നിട്ടുണ്ടെന്നും ഇസ്രയേലിനുനേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള മറുപടിയാണിതെന്നും ദേശീയ സുരക്ഷ കൗണ്സിൽ വക്താവ് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിൽ ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈൽ ആക്രമണത്തിൽ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe